#യാത്രാവിവരണം
(അൽപം നീണ്ടു പോയിറ്റുണ്ട്, ക്ഷമിക്കുമല്ലോ)
മൂന്ന് മാസത്തെ ദുബായ് ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ എത്തിയിട്ട് ഒരു മാസം തികഞ്ഞിരിക്കുന്നു.
എപ്പോഴാണ് തിരിച്ച് പോവുന്നത് എന്ന നാട്ടുകാരുടെയും കുടുംബക്കാരുടെയും ചോദ്യം കേട്ട് മടുത്ത് പോയ മനസ്സ്, എവിടെയ്ക്കെങ്കിലും പോവണം എന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ ഒരു തോന്നൽ.
ദുബായിൽ എത്തിയപ്പോൾ അവിടത്തുകാരുടെ ചോദ്യം എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നാണ്. ആദ്യം കണ്ടവരൊക്കെ അന്വേഷിക്കുന്നത് ബൈക്കിനെയാണ്. വെറും 5 വർഷത്തേയ്ക്ക് വേണ്ടിയാണ് വന്നതെന്നും എന്തെങ്കിലും സമ്പാദിച്ച് നാട്ടിൽ തന്നെ സെറ്റിൽഡ് ആവണമെന്നും അറിയിച്ചപ്പോൾ ചെറു പുഞ്ചിരിയോടെ ഞങ്ങളൊക്കെ നിന്നെ പോലെ വെറും 2 വർഷത്തേയ്ക്ക് വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നത്, ഈ ഡിസംബർ ആകുമ്പോൾ 22 വർഷം തികയും എന്നൊരാളുടെ മറുപടി കേട്ട് തളർന്നു പോയി ഞാൻ.
പതിവ് ചാറ്റിങ്ങിനിടെ സഹ സഞ്ചാരി സവാദിനോട് വെറുതെ ചോദിച്ചതാണ് ഞാറാഴ്ച്ച ഫ്രീയാണോ.. എങ്കിട്ടെങ്കിലും പോയാലോ എന്ന്. ഫ്രീയാണ്, തിങ്കൾ രാവിലെ തിരിച്ചെത്തണം, പ്ലാൻ ചെയ്യൂ എന്ന മറുപടിയും ലഭിച്ചു.
കൊല്ലം ജില്ലയിലേക്ക് ട്രെക്കിംഗിനും മറ്റു ടൂറിസം ആവശ്യത്തിനുമായി പല തവണ പോയിരുന്നെങ്കിലും ഈ അടുത്ത കാലത്താണ് പലരുടെയും യാത്രവിവരണത്തിലൂടെ മൺറോ തുരുത്തിനെ കുറിച്ച് വായിച്ചറിഞ്ഞത്. മണ്റോയെ കുറിച്ചുള്ള ആദ്യത്തെ യാത്രാവിവരണം വായിച്ചപ്പോൾ തന്നെ അത് നേരിട്ടനുഭവിക്കണമെന്ന ആഗ്രഹവും മനസ്സിൽ ഉദിച്ചിരുന്നു.
സവാദിന്റെ മറുപടി കിട്ടിയ ഉടനെ മൺറോ തുരുത്തിനെ കുറിച്ച് അന്വേഷിക്കാൻ വേണ്ടി സുഹൃത്തും സഞ്ചാരി കൊല്ലം അഡ്മിനുമായ ശ്യാമിനു മെസ്സേജ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 3.20 നുള്ള ട്രിവാൻഡ്രം എക്സ്പ്രസ്സ് ട്രെയ്നിൽ മൺറോ കാണാൻ വരുന്നുണ്ടെന്നും ഞായറാഴ്ച്ച പുലർച്ച 3 മണിക്ക് കൊല്ലം എത്തുമെന്നും റെയിൽവേ സ്റ്റേഷനിൽ തന്നെ അല്പം വിശ്രമിച്ചു മൺറോ കാണാൻ ഇറങ്ങാൻ പ്ലാൻ ആണെന്നും റൂട്ട്, ബസ് ഡീറ്റെയ്ൽസ്, തോണി ബുക്കിംഗ് കാര്യങ്ങൾ പറഞ്ഞു തരണം എന്നും അവനോട് പറഞ്ഞു.
അന്ന് രാത്രിയാണ് ശ്യാമിന്റെ മറുപടി ലഭിക്കുന്നത്. നിങ്ങൾ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എന്നെ വിളിക്കുക, ഞാൻ പിക്ക് ചെയ്യാൻ വരാം, വീട്ടിൽ റെസ്റ്റ് എടുത്ത് രാവിലെ എന്റെ ബൈക്കുമായി നിങ്ങൾക്ക് മണ്റോയിലേക്ക് പോവാം. തിരുവനന്തപുരത്ത് സുഹൃത്തിന്റെ കല്യാണത്തിന് പോവാനുള്ളത് കൊണ്ട് എനിക്ക് കൂടെ വരാൻ പറ്റില്ല എന്നും തോണിയൊക്കെ ഞാൻ വിളിച്ചു ബുക്ക് ചെയ്യാം എന്നും അറിയിച്ചു.
കേരളത്തിൽ എവിടെ പോവുന്നുണ്ടെങ്കിലും ഏതെങ്കിലും രീതിയിൽ സഹായിക്കാൻ ഇവനെ പോലോത്ത സുഹൃത്തുക്കൾ ഉള്ളത് എനിക്ക് കിട്ടിയ അനുഗ്രഹം തന്നെയാണ്. സവാദിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.
അതിനിടയിലാണ് ആലപ്പുഴയിൽ നിന്നും കൊല്ലത്തേയ്ക്ക് ബോട്ട് സർവ്വീസ് ഉണ്ടെന്നും നല്ലൊരു അനുഭവമാണ് അതെന്നും എവിടെയോ വായിച്ചതായി ഓർമ്മ വരുന്നത്. ( ഇന്ന് ഒന്നാം തിയ്യതി വീണ്ടും സർവ്വീസ് തുടങ്ങിയതായി അറിയിക്കുന്നു) അതിനെ കുറിച്ച് അന്വേഷിക്കാൻ ആലപ്പുഴയിലെ ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചെങ്കിലും അവർക്കൊന്നും അതിനെ കുറിച്ച് വലിയ ഐഡിയ ഇല്ലായിരുന്നു. വാട്ടർ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ ബോട്ട് കട്ടപ്പുറത്താണെന്നും എപ്പോൾ ഇനി സർവ്വീസ് തുടരുമെന്ന് പറയാൻ പറ്റില്ല എന്നുള്ള നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം ജൂലായിൽ ആണെന്ന് തോന്നുന്നു കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ബോട്ട് സർവ്വീസ് ആരംഭിക്കുന്നുണ്ടെന്ന് പത്രത്തിലൂടെ വായിച്ചറിഞ്ഞത്, ചാനൽ വാർത്തയും ഉണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ഇത് വരെ അത് തുടങ്ങിയിട്ടില്ല എന്ന് ഈയിടെയാണ് കോഴിക്കോട്ടേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്😢.
3 മാസത്തെ ദുബായ് ജീവിതത്തിൽ 12 കിലോയാണ് തൂക്കം വർധിച്ചത്. ദുബായിൽ അളിയന്റെ ( പെങ്ങളുടെ ഭർത്താവ്) ചിലവിൽ അളിയന്റെ കൂടെ തന്നെ ആയിരുന്നു താമസം. ഒരു പണിയും ഇല്ലാത്തതിനാൽ തീറ്റയ്ക്ക് ഒരു കുറവും ഇല്ലായിരുന്നു. ദുബായിലേക്ക് പോവാൻ തീരെ മനസ്സില്ലാത്ത എന്നെ വീട്ടിൽ സമ്മർദ്ധം ചെലുത്തി ദുബായിലേക്ക് കൊണ്ട് പോയ അളിയന് ഇത് കിട്ടേണ്ടത് തന്നെയാണ്😜.
തടി കുറക്കുക എന്നാഗ്രഹത്തോടെ വൈകുന്നേരം നടക്കുന്നത് പതിവാക്കിയിരുന്നു. അതിനിടയിലാണ് ആലപ്പുഴ സ്വദേശിയും റൈഡർ സുഹൃത്തും കാസറഗോഡ് ടെലി കമ്യുണിക്കേഷൻ SI യുമായ, അതിലുപരി തികഞ്ഞ ഒരു സഞ്ചാരിയുമായ മനേഷ് സാറിനോട് ശനിയാഴ്ച്ച വൈകുന്നേരം കൊല്ലം പോവുന്നുണ്ടെന്നും കൂട്ടത്തിൽ ഒരു വർഷം മുമ്പ് പല തവണകളിലായി പ്ലാൻ ചെയ്ത് ചീറ്റിപ്പോയ പതിരമാണൽ ദ്വീപ് കാണണമെന്ന ആഗ്രഹം ഉണ്ടെന്നും ലൊക്കേഷൻ കാര്യങ്ങൾ പറഞ്ഞു തരണമെന്നും അറിയിച്ചു.
അതൊക്കെ നമുക്ക് ശരിയാക്കാം, രാത്രി മുഴുവൻ വിവരങ്ങളും പറഞ്ഞു തരാം എന്നും മറുപടി പറഞ്ഞു.
രാത്രി സാറിന്റെ ഫോൺ വന്നു, പതിരാമണലിനടുത്തുള്ള എന്റെ കസിൻ ബ്രദേഴ്സിനോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. നിങ്ങൾ അടുത്തുള്ള ബാസ്റ്റാന്റിലോ റെയിൽവേ സ്റ്റേഷനിലോ എത്തിയാൽ മതി, ബാക്കിയൊക്കെ അവർ നോക്കിക്കോളും എന്നും പറഞ്ഞു. പെട്ടെന്ന് തന്നെ സവാദിനെ വിളിച്ച് പാതിരാമണൽ കാര്യം കൂടി പറഞ്ഞപ്പോൾ അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
പറഞ്ഞുറപ്പിച്ചത് പ്രകാരം ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഞങ്ങൾ റെയിൽവെസ്റ്റേഷനിൽ എത്തി. ബൈക്ക് പാർക്ക് ചെയ്ത് ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിൽ പോയിരുന്നു. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ട്രെയിൻ കൃത്യ സമയത്ത് തന്നെ വന്നു. ട്രയിൻ കയറാൻ പോവുമ്പോഴാണ് ഡിസാബിൽഡ് ബോഗിയിൽ നിന്നും സഹ സഞ്ചാരി സച്ചിൻ കൈ വീശി കാണിക്കുന്നത് കണ്ടത്.
അവൻ മംഗലാപുരം കോളേജിൽ പോയി തിരിച്ച് കാഞ്ഞങ്ങാട് വീട്ടിലേക്ക് പോവുകയാണ്. ട്രയിൻ നിർത്തിയ ഉടനെ ചാടി ഇറങ്ങി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. അതിനിടയിൽ കാസറഗോഡ് ഇറങ്ങിയ ഒരു യാത്രക്കാരന് ഷേക്ക് ഹാൻഡ് കൊടുത്ത് ബൈ പറയുന്നതും കണ്ടു.
ആരാണത് എന്ന ചോദ്യത്തിന് അയാളൊരു വലിയ മനുഷ്യ സ്നേഹിയാണ്, സീസൺ ടിക്കറ്റ് കാലാവധി രണ്ട് ദിവസം മുൻപ് കഴിഞ്ഞിരുന്നു. ടിക്കറ്റെടുക്കാൻ നീണ്ട ക്യൂ, ക്യൂ നിന്ന് ടിക്കറ്റെടുത്താൽ ട്രെയിൻ അതിന്റെ പാട്ടിനു പോവും, അത് കൊണ്ട് ടിക്കറ്റ് എടുക്കാതെയാണ് ട്രെയിനിൽ കയറിയത്. ഇത് വരെ വരാത്ത ടി.ടി കഷ്ട കാലത്തിന് ഇന്ന് വരികയും പിടിക്കുകയും ചെയ്തു.
എന്റെ കയ്യിൽ ഫൈൻ അടക്കാൻ ക്യാഷ് ഇല്ലാത്തതിനാൽ മുൻപരിചയമൊന്നും ഇല്ലാത്ത മൂപ്പരാണ് ഫൈൻ അടച്ചത്. മൂപ്പരുടെ കയ്യിൽ ചില്ലറ ഇല്ലാത്തതിനാൽ 30 രൂപ ഞാൻ ടി.ടി യോട് കടം പറഞ്ഞിരുന്നു. ഇവിടെ എത്തിയപ്പോൾ നിങ്ങൾക്ക് കൈ വീശി കാണിച്ച് എന്റെ ഫ്രണ്ട്സാണവർ എന്നും അവരോട് പൈസ വാങ്ങിയിട്ട് വരാം എന്നും പറഞ്ഞാണ് ഇറങ്ങിയത് എന്നും കള്ളച്ചിരിയോടെ അവൻ ഞങ്ങളോട് പറഞ്ഞു.
ട്രെയിനിൽ നല്ല തിരക്കാണ്, ശനിയാഴ്ച ആയത് കൊണ്ടാവാം. കാഞ്ഞങ്ങാട് എത്തിയപ്പോൾ സച്ചിൻ ഞങ്ങളോട് യാത്രയും പറഞ്ഞു ട്രയിനിറങ്ങി. കണ്ണൂർ എത്തിയപ്പോഴാണ് ഞങ്ങൾക്ക് സീറ്റ് ലഭിച്ചത്. ഇരുന്നതിന് ശേഷം അടുത്തുള്ളവരോട് പിന്നെ ഒരു രക്ഷയും ഇല്ലാത്ത തള്ളൽ ആയിരുന്നു. ഞങ്ങളുടെ തള്ളളിൽ ട്രെയിൻ വേഗത കൂടിയിട്ടുണ്ടോ എന്നൊരു സംശയം.
ഷൊർണൂരിൽ 15 മിനുറ്റ് ട്രെയിൻ നിർത്തിയിടുമെന്നതിനാൽ രാത്രി ഭക്ഷണം അവിടെ നിന്നും കഴിക്കാനായിരുന്നു പ്ലാൻ. ഞങ്ങൾ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്നും ഭക്ഷണം കഴിച്ച് ട്രയിനിൽ കയറിയിരുന്നപ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വാട്ട്സാപ്പ് മെസ്സേജ്.
ഹലോ, ഞാൻ കോഴിക്കോട് സ്വദേശി ആഷിക്കാണ്. ശ്യാം ആണ് നിങ്ങളുടെ നമ്പർ തന്നത്. നിങ്ങൾ മൺറോ യാത്രയിൽ ആണോ??? എവിടെ എത്തി, ഞങ്ങൾ 2 പേർ ഉണ്ട്, ഞങ്ങളും അവിടെയ്ക്കാണ്.
ഞാൻ ഞങ്ങളുടെ പ്ലാൻ വിവരിച്ചു കൊടുത്തു, രാവിലെ 6.30 ന് മൺറോ എത്താനും അവരോട് പറഞ്ഞു.
ഏകദേശം 1.45 ആകുമ്പോൾ ശ്യാമിന്റെ കോൾ, എവിടെ എത്തി എന്നന്വേഷിക്കാൻ വേണ്ടിയാണ് വിളിച്ചത്.
2.30 ആകുമ്പോൾ കരുനാഗപ്പള്ളി എത്തുമെന്ന് അറിയിച്ചപ്പോൾ ഞാൻ റെയിൽവേസ്റ്റേഷനിൽ ഉണ്ടാവും എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു.
ട്രെയിൻ കൃത്യം 2.30 ആകുമ്പോൾ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി. ശ്യാം പ്ലാറ്റ്ഫോമിൽ ഞങ്ങളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യമായിട്ട് നേരിട്ട് കാണുന്ന ഫീലിംഗ് ഞങ്ങൾ രണ്ട് പേർക്കും ഇല്ല, കാറിൽ കയറി നേരെ അവന്റെ വീട്ടിലേക്ക്.
5 മിനുട്ട് ഡ്രൈവ്, അവന്റെ വീട്ടിൽ എത്തി. 6 മണി വരെ റെസ്റ്റ് എടുത്ത് പോയാൽ മതിയെന്നും മൺറോ ലൊക്കേഷൻ ഞാൻ അയച്ചിട്ടുണ്ടെന്നും പറഞ്ഞു അവൻ മുറിക്ക് പുറത്തേയ്ക്ക് പോയി. 5.45 ന് അലാം വെച്ചിരുന്നെങ്കിലും 6 മണിക്ക് ശ്യാം വന്ന് വിളിച്ചപ്പോഴാണ് ഞങ്ങൾക്ക് ബോധം വന്നത്.
ഫ്രഷ് ആയി പുറത്തിറങ്ങി. ഒരു സെൽഫിയും എടുത്ത് ശ്യാമിന്റെ റോയൽ എൻഫീൽഡ് ക്ലാസ്സികിൽ ഞങ്ങൾ നേരെ മണ്റോയിലേക്ക്. ഏകദേശം 6.40 ആകുമ്പോഴേക്കും മണ്റോയിൽ എത്തി, വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ വിമൽ ചേട്ടനെ ( വഴിയേ പരിചയപ്പെടുത്താം) വിളിച്ചിരുന്നതിനാൽ ചേട്ടൻ ഞങ്ങളെയും കാത്ത് റോഡിനരികെ നിൽക്കുന്നുണ്ടായിരുന്നു.
#മൺറോതുരുത്ത്
കല്ലടയാറിനും അഷ്ടമുടിക്കായലിനും ഇടയിലാണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന കേണൽ മൺറോയുടെ നേതൃത്വത്തിലാണ് കൈതോടുണ്ടാക്കി ജല ഗതാഗതം തുടങ്ങിയത്.
ഞങ്ങൾ പരിചയപ്പെട്ടത്തിന് ശേഷം കല്ലടയറിന്റെ തീരത്ത് നിന്നും തോണിയാത്ര ആരംഭിച്ചു. ആഷിക്കും സുഹൃത്തും എത്തിയിട്ടില്ല, ഫോൺ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല. കുറച്ച് മുൻപോട്ട് പോയതിന് ശേഷം തോണി ഇടതു വശത്തുള്ള ചെറിയ കൈ തോടിലേക്ക് തിരിഞ്ഞു.
തോടിലേക്ക് ചാഞ്ഞിരിക്കുന്ന മർച്ചില്ലകൾക്കടിയിലൂടെ തോണി നീങ്ങുമ്പോൾ തല തട്ടാതിരിക്കാൻ വേണ്ടി വിവിധ ഭാഷകളിൽ തല കുനിക്കാൻ വേണ്ടി വിമൽ ചേട്ടൻ പറഞ്ഞു. അതി മനോഹരമായ കാഴ്ചകൾ, ശബ്ദങ്ങൾ. തോടിനിരു വശത്തുമായി തനി നാടൻ ജീവിതങ്ങളും കാണാം. വിമൽ ചേട്ടൻ ഇടയ്ക്കിടെ ഓരോ സ്ഥലങ്ങളും ചൂണ്ടി കാണിച്ച് ഫോട്ടോ എടുക്കാൻ ആവിശ്യപ്പെടുന്നുണ്ടായിരുന്നു.
ചായ കുടിക്കാൻ വേണ്ടി തോണി സൈഡിലൊതുക്കി നിർത്തി ചേട്ടൻ ചായ വാങ്ങിക്കാൻ തൊട്ടടുത്തുള്ള ഒരു കടയിൽ കയറി. നല്ല രുചിയുള്ള പരിപ്പ് വടയും ചായയും. ആരെങ്കിലും മൺറോ പോവുന്നവരുണ്ടെങ്കിൽ പരിപ്പ് വടയും ചായയും കഴിക്കാൻ മറക്കരുത്. അതിനിടയിലാണ് ആഷിക്കിന്റെ ഫോൺ വരുന്നത്, വിമൽ ചേട്ടന്റെ വീടിനടുത്താണുള്ളത് എന്ന് അറിയിച്ചതിനാൽ ഞാൻ ഫോൺ വിമൽ ചേട്ടന് കൊടുത്തു. അവരോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞിട്ട് വിമൽ ചേട്ടൻ മകനായ വിജീഷിനോട് ഞങ്ങളുടെ അടുക്കലിലേക്ക് അവരെ കൊണ്ട് വരാൻ പറഞ്ഞു. ചായ കുടിച്ച് തീരുമ്പോഴേക്കും അവർ എത്തി, കോഴിക്കോടുകാരായ ആഷിക്കും സുഹൃത്ത് സാബിക്കും.
ആദ്യ നോട്ടത്തിൽ തന്നെ തരക്കേടില്ലാത്ത പിള്ളേരാണെന്ന് മനസ്സിലായി. കൂടുതൽ പരിചയപ്പെടുന്നതിനിടയിലാണ് ആഷിക്ക് കോഴിക്കോട് സഞ്ചാരി സുഹൃത്തായ മുനീർക്കയുടെ സ്റ്റുഡന്റാണെന്നറിയുന്നത്.
തോണി ചെറിയ ചെറിയ പാലങ്ങൾക്കടിയിലൂടെയും ഇരു വശങ്ങളിലുമുള്ള ചെമ്മീൻ പടങ്ങളെയുമൊക്കെ കടന്ന് പോയി. പോവുന്നതിനിടയിൽ പശുവിന്റെ കുളി സീനും ( കുളിപ്പിക്കുന്നത്) ചെളി നിറച്ച് (തെങ്ങിന് വളമായി ഉപയോഗിക്കുന്നു) പോവുന്ന തോണികളും കണ്ടു. ഓണത്തിന്റെ ബോണസ് കൈപ്പറ്റാൻ വേണ്ടി, ഓണം സമയത്ത് മാത്രം തുറന്ന് പ്രവർത്തിക്കുന്ന കയർ യൂണിറ്റും കാണാനിടയായി.
മുൻപോട്ട് പോവും തോറും തോടിന്റെ വീതി കുറഞ്ഞും കൂടിയും വരുന്നുണ്ടായിരുന്നു. പിന്നീടുള്ള യാത്ര കണ്ടൽക്കാടുകൾക്കിടയിലൂടെയായി. അവിടെ നിന്നും തിരിച്ച് കല്ലടയറിലേക്ക്, പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹാരിത, അനുവിച്ചറിയുക തന്നെ. ഏകദേശം 2.30 മണിക്കൂറുള്ള തോണിയാത്ര കല്ലടയാറിൽ തന്നെ അവസാനിപ്പിച്ച് വിമൽ ചേട്ടന്റെ വീട്ടിലേക്ക് പോയി.
വീടിനടുത്ത് വിദേശികൾക്ക് മാത്രമായി 2,3 കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. ട്രിപ്പ് അഡ്വൈസർ വഴിയാണ് ബുക്കിംഗ്. സമയം 10.30, കള്ളുഷാപ്പിൽ നിന്ന് ഭക്ഷണം കഴികണമെന്നാഗ്രഹം സവാദ് മുൻപോട്ട് വെച്ചു.
ആഷിക്കും സാബിക്കും അതെന്തായാലും വേണം എന്നറിയിച്ചപ്പോൾ വിമൽ ചേട്ടനോട് ആവിശ്യം അറിയിച്ചു. 3-4 കിലോമീറ്റർ ദൂരെ കള്ളു ഷാപ്പിന്റെ വഴിയും പറഞ്ഞ് തന്നു, അവിടെ നിന്നും വിമലൻ ചേട്ടനോട് സലാം പറഞ്ഞ് കള്ളു ഷാപ്പ് ലക്ഷ്യമാക്കി നീങ്ങി.
1988 – ൽ 108 പേരുടെ മരണത്തിനിടയാക്കിയ ഐലാന്റ് എക്സ്പ്രസ്സ് തീവണ്ടി അപകടം ഉണ്ടായ പാലത്തിനാടുത്താണ് പെഴുംതുരുത്ത് കള്ള്ഷാപ്പ് സ്ഥിതി ചെയ്യുന്നത്. നല്ല എരിവുള്ള മീൻ കറിയും കപ്പയും, കൂടെ കക്കയിറച്ചിയും ഞണ്ട് പുഴുങ്ങിയതും കഴിച്ച് ഷാപ്പുകാരൻ ചേട്ടനോട് യാത്രയും പറഞ്ഞ് അവിടന്ന് ഇറങ്ങി.
ഞാനും സവാദും ആലപ്പുഴയിലെ പതിരമാണലും ആഷിക്കും സാബിക്കും വർക്കല ബീച്ചും ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. 2 ടീമും പറ്റിയ കമ്പനി ആണെന്ന് പരസ്പരം മനസ്സിലായത് കൊണ്ടാവണം ഞങ്ങൾ ക്ഷണിച്ചപ്പോൾ കൂടെ ആലപ്പുഴക്ക് വരാം എന്നായി.
ഇനി ലക്ഷ്യം ശ്യാമിന്റെ റോയു മോനെ അവന്റെ വീട്ടിൽ ഏൽപ്പിക്കണം. സവാദ് ഓരോർത്തരെയായി തൊട്ടത്തുള്ള ജംഗാറിനടുത്ത് ഇറക്കി, ഞങ്ങൾ ബൈക്ക് ഏൽപ്പിച്ച് കരുനാഗപ്പള്ളി ബാസ്റ്റാന്റിൽ എത്താനായിരുന്നു പ്ലാൻ, അക്കരെയെത്തി ജംഗാറിൽ നിന്നിറങ്ങിയപ്പോഴാണ് റോയു മോന്റെ ബാക്ക് ടയർ പഞ്ചറായിരിക്കുന്നത് കാണുന്നത്.
അടുത്തുള്ള കടയിൽ കയറി പഞ്ചർ കട അന്വേഷിച്ചപ്പോൾ പഞ്ചർ കടക്കാരന്റെ നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞു, പുള്ളിക്കാരൻ സ്ഥലത്തില്ല. ഏകദേശം 1.30 മണിക്കൂർ കഴിഞ്ഞേ എത്തുള്ളു എന്നറിയിച്ചു, വേറെ ആരെയും കിട്ടാത്തതിനാൽ ഞങ്ങൾ ശരിക്കും പോസ്റ്റായി. എടാ ശ്യാമേ… നീ എന്ത് കൂടോത്രം ചെയ്താടാ വണ്ടി തന്നത് 😂.
ആലപ്പുഴയിൽ നിന്നും മനേഷ് സാറിന്റെ കസിൻ ബ്രോ അജിത്തിന്റെ കോൾ, ഉച്ചയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു, കണാത്തതിനാലാണ് വിളിച്ചത്. പഞ്ചറായ കാര്യവും ഞങ്ങൾ പോസ്റ്റായതും വൈകുന്നേരം എത്തുമെന്നും ആലപ്പുഴയ്ക്കുള്ള ബസ് കയറിയിട്ട് വിളിക്കാം എന്നും മറുപടി കൊടുത്തു.
ഏകദേശം ഉച്ചയ്ക്ക് 1.30 ആവുമ്പോഴേയ്ക്കും പഞ്ചർ കടക്കാരൻ വന്നു. ആഷിക്കിനെയും സാബിക്കിനെയും കരുനാഗപ്പള്ളി ബാസ്റ്റാന്റിൽ വെച്ചു കാണാം എന്ന് പറഞ്ഞു ബസ്സ് കയറ്റി ബസ്റ്റാന്റിലേക്ക് വിട്ടു.
ടയർ പഞ്ചർ അടച്ച് നേരെ ശ്യാമിന്റെ വീട്ടിലേക്ക്. ശ്യാം തിരുവനന്തപുരത്ത് സുഹൃത്തിന്റെ കല്യാണത്തിന് പോയതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല, ഫോൺ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല. ബൈക്കിന്റെ കീ അവന്റെ പെങ്ങളുടെ കയ്യിൽ ഏൽപ്പിച്ച് ഒരു ഓട്ടോയിൽ കയറി കരുനാഗപ്പള്ളി ബസ്റ്റാന്റിലേക്ക് പോയി. അവിടെ നിന്നും ഞങ്ങൾ 4 പേരും ആലപ്പുഴയിലേക്കുള്ള ബസ്സ് കയറി.
4.30 ആവുമ്പോഴേക്കും ആലപ്പുഴ എത്തി. അജിത് വിളിച്ചിട്ട് ആലപ്പുഴയിലേക്ക് പിക്ക് ചെയ്യാൻ വരാം എന്നറിയിച്ചിരുന്നെങ്കിലും ഞാൻ വേണ്ട, മുഹമ്മ ബാസ്റ്റാന്റിലേക്ക് വന്നോളാം എന്ന് പറഞ്ഞു. ആലപ്പുഴയിൽ നിന്ന് വൈക്കം തൊടുപുഴ ബസ്സിൽ കയറി മുഹമ്മ ഇറങ്ങി. ഞങ്ങളെയും കാത്ത് അജിത്തും മൂപ്പരുടെ അനിയൻ സുജിത്തും കാറിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ പരിചയപ്പെട്ട് കാറിൽ കയറി ബോട്ട് ജെട്ടിയിലേക്ക് നീങ്ങി. സമയം വൈകിയതിനാൽ പതിരാമണൽ പോകുവാൻ ബോട്ട് കിട്ടുമോ എന്നവർ സംശയം പ്രകടിപ്പിച്ചു.
ജെട്ടിയിലേക്കുള്ള യാത്രക്കിടെ അജിത്ത് വണ്ടി വലതു വശത്തേയ്ക്ക് തിരിച്ചപ്പോഴാണ് സുജിത്ത് ‘എടാ എങ്ങോട്ടാണ് പോവുന്നത്, നമുക്ക് നേരെയുള്ള വഴിയല്ലേ പോവേണ്ടത്’ എന്ന് ചോദിച്ചു. ‘സോറി, ഈ വണ്ടിയിൽ ഏതൊരു ഗസ്റ്റ് കയറിയാലും ആദ്യം പോവുന്നത് ഇത് വഴിയുള്ള കള്ള്ഷാപ്പിലേക്കാണ്, ഇതിൽ കയറിയ ആരും നേരെ ഉള്ള വഴിയിലൂടെ പോയിട്ടുണ്ടാവില്ല, അതൊരു പതിവായതിനാലാണ് വണ്ടി പെട്ടെന്ന് അറിയാതെ വലത് വശത്തേക്ക് തിരിച്ചത്’ എന്ന അജിത്തിന്റെ മറുപടി ഒരു കൂട്ടച്ചിരിയിൽ അവസാനിച്ചു.
ജെട്ടിയിൽ എത്തി, ഭാഗ്യത്തിന് മുൻപ് പറഞ്ഞു വെച്ചിരുന്ന 6 പേർക്ക് ഇരിക്കാവുന്ന പ്രൈവറ്റ് ബോട്ട് അവിടെ ഉണ്ടായിരുന്നു. എല്ലാവരും ബോട്ടിൽ കയറി പതിരാമണലിലേക്ക്.
#പാതിരാമണൽ
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു ദ്വീപാണ് പാതിരാമണൽ.
ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിന്റെ ഭാഗമാണ് ഈ ദ്വീപ്.
ധാരാളം തെങ്ങുകളും മരങ്ങളും ജൈവ വൈവിധ്യങ്ങളും ചേർന്നതാണ് ഈ ദ്വീപ്. പക്ഷി നിരീക്ഷകരുടെ പാറുദ്ദീസ എന്ന് തന്നെ പറയാം. പല തരത്തിലുമുള്ള ദേശാടന പക്ഷികൾ ആണ് ഇവിടെ എത്തുന്നത്.
15 മിനുട്ട് ബോട്ട് യാത്ര, ഞങ്ങൾ ഏറെ കാലമായി കാണാനാഗ്രഹിച്ചിരുന്ന പാതിരാമാണലിൽ എത്തി. കരിങ്കൽ പാതയിലൂടെ ദ്വീപിനകത്തേക്ക്. കുറച്ച് വർഷങ്ങങ്ങൾക്ക് മുൻപാണ് അവിടെ താമസിച്ചിരുന്ന കുടുംബംഗങ്ങളെ സർക്കാർ കരയിലേക്ക് മാറ്റി പാർപ്പിച്ചത്. വളരെ മനോഹരമായ കാട്, ദ്വീപ് ചുറ്റി കണ്ട് അവിടെ ഉണ്ടായിരുന്ന മാവിൽ നിന്ന് മാങ്ങയും പറിച്ച് ജെട്ടിയിലേക്ക്. നേരം ഇരുട്ടിയിരുന്നു. ഞങ്ങളെ അജിത്ത് അവരുടെ വീട്ടിലേക്കാണ് പിന്നീട് കൊണ്ട് പോയത്.
കാസറഗോഡ് നിന്നും വന്ന മനുവേട്ടന്റെ ഫ്രണ്ട്സ് ആണെന്ന് ഞങ്ങളെ അജിത്ത് ഭാര്യക്കും അമ്മയ്ക്കും പരിചയപ്പെടുത്തികൊടുത്തു.
‘പോലീസിൽ ആണോ ഇവർ’ എന്നായിരുന്നു അജിത്തിന്റെ ഭാര്യയുടെ ചോദ്യം.
‘അല്ല’ എന്ന അജിത്ത് പറഞ്ഞു.
‘എന്നാൽ ബൈക്ക് റൈഡർമാറായിരിക്കും, തീർച്ച’ എന്നും പറഞ്ഞു പുഞ്ചിരിച്ചു.
സാറിനെ കുറിച്ച് കുടുംബക്കാർക്ക് നല്ല ബോധ്യമുണ്ടെന്ന് മനസ്സിലായി.
ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന പറഞ്ഞിരുന്നെങ്കിലും ഞങ്ങൾ സന്തോഷ പൂർവ്വം അത് തിരസ്ക്കരിച്ച് ജ്യൂസും പഴവും കഴിച്ച് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. നാട്ടിലേക്കുള്ള ട്രേയിൻ സമയം അന്വേഷിക്കാൻ വേണ്ടി മാരാരിക്കുളം റെയിൽവെസ്റ്റേഷനിലേക്ക്.
10.20 നാണ് നാട്ടിലേക്കുള്ള മാവേലി എക്സ്പ്രസ്സ്. ട്രെയിൻ വരാൻ 2 മണിക്കൂറിൽ കൂടുതൽ സമയം ഉള്ളതിനാൽ അജിത്ത് ഞങ്ങളെ മാരാരി ബിച്ചിലേക്ക് കൊണ്ട് പോയി. കുറച്ച് സമയം ബീച്ചിലിരുന്ന് കഥയും പറഞ്ഞ് കോഫീ ഹൌസിൽ കയറി ഭക്ഷണവും കഴിച്ച് റെയിൽവേ സ്റ്റേഷനിലേക്ക്.
അജിത്തിനെ തുടരെ തുടരെ കൂട്ടുകാർ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. ട്രയിൻ വന്ന് ഞങ്ങൾ പോയതിന് ശേഷം വരാമെന്ന് പറഞ്ഞ അജിത്തിനെ ഞങ്ങൾ നിർബന്ധ പൂർവ്വം പറഞ്ഞയച്ചു. ട്രെയിൻ വന്നു, നല്ല തിരക്കാണ്. സവാദ് ലഗേജ് കാബിനിൽ കയറികിടന്നു. ഞങ്ങൾ ഒരു പേപ്പർ വിരിച്ച് തറയിലും ഇരുന്നു. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ വീണ്ടും കാണാം, ട്രിപ്പ് പ്ലാൻ ചെയ്ത് വിളിക്കാമെന്ന് പറഞ്ഞ് ആഷിക്കും സാബിക്കും യാത്ര പറഞ്ഞിറങ്ങി. ട്രെയിൻ രാവിലെ 7.45 ആകുമ്പോൾ കാസറഗോഡ് റെയിൽവെസ്റ്റേഷനിൽ എത്തി. പാർക്ക് ചെയ്തിരുന്ന ബൈക്കെടുത്ത് പുതിയ പുതിയ സ്ഥലങ്ങളെ കുറിച്ച് ചർച്ച ചെയ്ത് ഞങ്ങൾ വീട്ടിലേക്ക്…
(ബാക്കിയുള്ള കഥകൾ ഫോട്ടോകളും വീഡിയോസും പറയും)
——————————————-
രാവിലെ 6 മണിക്ക് മുൻപ് തന്നെ മൺറോ എത്തുന്നതാണ് അഭികാമ്യം.
പോകുന്നവർ 1 ദിവസം മുമ്പ് ഫോണിൽ വിളിച്ചു തോണി ബുക്ക് ചെയ്യുക.
5 പേർക്ക് യാത്ര ചെയ്യാവുന്ന ഒരു തോണിക്ക് 1000 രൂപയാണ് ചാർജ്ജ്.
മൺറോ തുരുത്ത് ലൊക്കേഷൻ :
https://goo.gl/maps/B62rfn5offC2
Train: 16791 Palaruvi Express
Time: 4.55 am
Kollam junction To Munroethuruth
Bus: Chinnakkada ( Near railway station) – Kundara- Munroe Isaland
മൺറോ തുരുത്ത് വീഡിയോ ലിങ്ക്:
https://m.facebook.com/story.php…
പാതിരാമണൽ വീഡിയോ ലിങ്ക്:
