Uncategorized

ഇനി മില്ലറ്റ് വിപ്ലവം; ചെറുധാന്യങ്ങൾ കൊണ്ട് ലോകം കീഴടക്കാൻ ഒരുങ്ങി ഇന്ത്യ

 

കാർഷിക വിവരങ്ങൾക്ക് സമഗ്രമായ ഒരു മലയാളം ആപ്ലിക്കേഷൻ

green village app  free download 



കേരളത്തിലുണ്ടൊരു അട്ടപ്പാടി മോഡല്‍

WhatsApp%20Image%202023 03 04%20at%201.12.09%20PM


ചെറുധാന്യങ്ങള്‍ ഇനിയത്ര ചെറുതല്ല…! മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ക്ക് പേരും പ്രശസ്തിയും കൊടുത്ത് രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘സമൃദ്ധമായ ഭക്ഷണം’ എന്ന അര്‍ഥമുള്ള ശ്രീ അന്ന എന്ന പേരിലാവും ഇനി മുതല്‍ ചെറുധാന്യങ്ങള്‍ അറിയപ്പെടുക. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നൂതനവുമായ കൃഷിരീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചുകൊണ്ട്, ലോകത്തിന് മുന്നില്‍ ഇന്ത്യ നയിക്കുന്ന മില്ലറ്റ് മുന്നേറ്റത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.

എന്താണ് മില്ലറ്റുകള്‍?

നെല്ല്, ഗോതമ്പ്, ചോളം എന്നീ പ്രധാന ധാന്യവിളകളുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലു വര്‍ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. ജോവര്‍ (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്‍. ഇവ പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയെക്കൂടെ മാലി, നൈജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളാണ് മില്ലറ്റുകളുടെ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ളത്. ഏഷ്യയും ആഫ്രിക്കയുമാണ് മില്ലറ്റുകളുടെ പ്രധാന ഉത്പാദനമേഖല. ഇവയില്‍ തന്നെ ബജ്‌റ, മണിച്ചോളം, റാഗി എന്നിയവയാണ് ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്.

New%20Project%20 %202023 01 10T094859.755.jpg?$p=4533eef&&q=0

പ്രധാനപ്പെട്ട മില്ലറ്റുകള്‍ ഇവയാണ്:

തിന (Italian millet)

ചൈനക്കാര്‍ വിശുദ്ധസസ്യമായി കണക്കാക്കിവരുന്ന തിനയുടെ ജന്മദേശം ഏഷ്യയാണ്. ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നമ്മുടെ രാജ്യത്ത് മുഖ്യമായും ഇതിന്റെ കൃഷിയുള്ളത്. പരുത്തിയോടൊപ്പം മിശ്രവിളയായും തിന കൃഷി ചെയ്തുവരുന്നു.

Click Here 👇








റാഗി (Finger millet)

കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെല്ലാം മിതമായ അളവിലുള്ളതിനാല്‍ ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍ റാഗി നല്ലതാണ്. കൂവരക് എന്നും മുത്താറി എന്നും റാഗി അറിയപ്പെടുന്നു. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ചെറിയ തോതില്‍ ജലസേചനം നടത്തിയാല്‍ മതിയാവും. വളരെക്കാലം റാഗി കേടുകൂടാതെ (50 വര്‍ഷം വരെ) സൂക്ഷിക്കാം. കാല്‍സ്യം, ഇരുമ്പ്, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നു.

വരക് (Caudomillet)

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് മുഖ്യമായും വരക് കൃഷി ചെയ്യുന്നത്. മൂപ്പ് കൂടുതലുള്ള ഈ ധാന്യവിള വിളവെത്താതെ ഭക്ഷിച്ചാല്‍ വിഷാംശമുണ്ടാവും. ധാന്യം ശേഖരിച്ചാല്‍ കുറച്ചുകാലം സൂക്ഷിച്ചുവേണം ഭക്ഷ്യയോഗ്യമാക്കാന്‍. നെല്ല്, ഗോതമ്പ് എന്നിവയ്ക്കു പകരമായി വരക് ഉപയോഗിക്കുന്നു. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം എന്നിവയടങ്ങിയിരിക്കുന്നു.

പനിവരക് (Common millet)

പശിമയില്ലാത്തതും മറ്റു വിളകള്‍ക്ക് യോജ്യമല്ലാത്തതുമായ പ്രദേശങ്ങളിലാണ് പനിവരക് കൃഷി ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമേ ജപ്പാനിലും റഷ്യയിലും കൃഷിയുണ്ട്. പനിവരകിന്റെ ധാന്യപ്പൊടി റൊട്ടി, ചപ്പാത്തി എന്നിവയുണ്ടാക്കാനുപയോഗിക്കുന്നു. കൊയ്ത്തിനു പകരം ചെടികള്‍ പിഴുതെടുക്കുന്നതാണിതിന്റെ രീതി.

ചാമ (Little Millet)

പഞ്ഞകാലത്തെ ഭക്ഷ്യവിളയായാണ് ചാമയെ വിശേഷിപ്പിക്കുന്നത്. കഫം, പിത്തം എന്നിവ ശമിപ്പിക്കാൻ ചാമ നല്ലതാണ്. പുല്ലരി എന്നും ഇതറിയപ്പെടുന്നു. പ്രമേഹരോഗികള്‍ക്കും ചാമക്കഞ്ഞി വിശേഷമാണ്. പൊണ്ണത്തടി കുറയ്ക്കാനും നല്ലതാണ്. തമിഴ്നാട്ടിലാണ് ചാമക്കൃഷി കൂടുതലുള്ളത്. കേരളത്തിലും മുന്‍പ് വ്യാപകമായി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ കുറവാണ്.

കുതിരവാലി (Barnyard millet)

കുതിരവള്ളി എന്നും ഇതറിയപ്പെടുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ ചെറുധാന്യ കൃഷിയുണ്ട്. ഇതിന്റെ ധാന്യം ചോറു പോലെയോ ചപ്പാത്തി പോലെയോ ഉപയോഗിക്കാം.

മണിച്ചോളം (Sorghum)

ലോകത്തെ ഒരു മുഖ്യ ചെറുധാന്യവിളയാണ് മണിച്ചോളം. ഇന്ത്യയിലും മണിച്ചോളകൃഷി മുഖ്യമാണ്. വരണ്ട പ്രദേശങ്ങളില്‍ കൃഷിക്ക് ഉത്തമമാണ്. ഫൈബര്‍ കൂടുതലുള്ള ഈ ഭക്ഷ്യധാന്യം ദഹനത്തിനും സഹായിക്കുന്നു.

കമ്പ് (Pearl millet)

പവിഴച്ചോളം എന്നും വിളിക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമാണ് മുഖ്യം. ഇന്ത്യയില്‍ അസമൊഴികെ മിക്കയിടത്തും കമ്പ് കൃഷിചെയ്യുന്നു. ചോറിനും റൊട്ടിക്കും ഉപയോഗിക്കുന്നു. സോഡിയം, പൊട്ടാസ്യം. അയേണ്‍ എന്നിവ ഈ ചെറുധാന്യത്തിലടങ്ങിയിക്കുന്നു. ബജ്റ എന്നും ഈ കുഞ്ഞന്‍ ധാന്യം അറിയപ്പെടുന്നു.

New%20Project%20 %202023 02 07T154633.413.jpg?$p=1cbe244&&q=0

കാർഷിക വിവരങ്ങൾക്ക് സമഗ്രമായ ഒരു മലയാളം ആപ്ലിക്കേഷൻ

green village app  free download 


മില്ലറ്റ് ; സൂപ്പര്‍ ഫുഡ്, പവര്‍ ഹൗസ്

അരി, ഗോതമ്പ് എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഭക്ഷണരീതി ആരോഗ്യപരമായി അത്ര മികച്ചതല്ലെന്നിരിക്കേ, അതിന് ബദല്‍ മാര്‍ഗമായി ചെറുധാന്യങ്ങളെ ഉപയോഗിക്കാം. നാരുകളാലും ധാതുലവണങ്ങളാലും സമ്പന്നമായ മില്ലറ്റുകളെ സൂപ്പര്‍ ഫുഡുകളായും ഊര്‍ജത്തിന്‍റെ അതീവ സ്രോതസ്സുകളുമായാണ് പരിഗണിക്കുന്നത്. 15-20 ശതമാനം വരെ നാരുകളാണ് മില്ലറ്റുകളില്‍ അടങ്ങിയിരിക്കുന്നത്. 12% പ്രോട്ടീന്‍, 2-5% കൊഴുപ്പ്, 60-75% കാര്‍ബോഹൈഡ്രേറ്റ് എന്നിവയ്‌ക്കൊപ്പം ധാരാളം ധാധുക്കളും ജീവകങ്ങളും കാത്സ്യവും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ മില്ലറ്റുകള്‍ സഹായിക്കും. ഇവയിലെ പോഷകങ്ങളിലെ സാന്നിധ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായകരമാണ്. ധാതുലവണങ്ങൾ ഉള്ളതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം വര്‍ധിപ്പിക്കാനും മില്ലറ്റുകള്‍ക്ക് സാധിക്കും. ഇവയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷിയും വര്‍ധിക്കുന്നു. പോഷകമേന്മയുള്ള കാലിത്തീറ്റവിളകളായും ചെറുധാന്യങ്ങളുടെ ചെടിയെ മാറ്റാം. ചെടികളില്‍നിന്ന് ധാന്യം വേര്‍പെടുത്തിയ ശേഷം വൈക്കോലായോ പച്ചയായി അരിഞ്ഞെടുത്തോ കാലികള്‍ക്ക് കൊടുക്കുന്നത് പാലുത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കും.

ഇന്ത്യയുടെ സ്വന്തം ‘മില്ലറ്റ്’

ചെറുധാന്യങ്ങളുടെ ഉത്പാദത്തില്‍ ഇന്ത്യ ഒന്നാമതും കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുമാണ്. ലോകത്തെ 41% ചെറുധാന്യ ഉത്പാദനവും ഇന്ത്യയിലാണ്. ചെറുധാന്യങ്ങളെ പോഷകധാന്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേപ്പാള്‍, യു.എ.ഇ., സൗദി അറേബ്യ, ലിബിയ, ടുണീഷ്യ, മൊറോക്കോ, യു.കെ, യെമന്‍, അള്‍ജീരിയ തുടങ്ങിവയാണ് ഇന്ത്യ മില്ലറ്റുകള്‍ കയറ്റുമതി ചെയ്യുന്ന പ്രധാനരാജ്യങ്ങള്‍. കേന്ദ്ര വാണിജ്യമന്ത്രാലയം 2020-21ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2.20 കോടി ഡോളറിന്റെ ചെറുധാന്യമാണ് ഇന്ത്യ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.

ദേശീയ കാര്‍ഷികക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1965-70 കാലഘട്ടത്തില്‍ ഇന്ത്യയുടെ മൊത്ത ധാന്യ ഉത്പാദനത്തിന്റെ 20% മില്ലറ്റുകളായിരുന്നു. എന്നാല്‍, അത് നിലവില്‍ ആറ് ശതമാനത്തിലേക്ക് ചുരുങ്ങി. ഈ കുറവ് പരിഹരിച്ച് മില്ലറ്റുകളുടെ ഉത്പാദനവും വിപണനവും പ്രചാരവും വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഈ വര്‍ഷം ഇന്ത്യയുടെ ശ്രമങ്ങള്‍. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ചെറുധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മില്ലറ്റുകള്‍ കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങള്‍.

2018 ഇന്ത്യ ചെറുധാന്യ വര്‍ഷമായി ആചരിച്ചിരുന്നു. അന്നുമുതല്‍ ഇന്ത്യ മില്ലറ്റുകളുടെ കൃഷി പ്രചരിപ്പിക്കാനും വര്‍ധിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് രാജ്യത്തെ 14 സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി 2021 ആയപ്പോഴേക്കും മില്ലറ്റ് ഉത്പാദനം 164 ലക്ഷം ടണ്ണില്‍ നിന്ന് 176 ലക്ഷം ടണ്ണായി ഉയര്‍ന്നു. മില്ലറ്റ് കയറ്റുമതിയിലും വര്‍ധനവുണ്ടായി.

Gettyimages 1236959831 594x594.jpg?$p=7d886d0&&q=0

2023- ചെറുധാന്യങ്ങളുടെ വര്‍ഷം

2023 ചെറുധാന്യങ്ങളുടെ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മില്ലറ്റുകളുടെ ആവശ്യകതയെ കുറിച്ച് അവബോധമുണ്ടാക്കാനായി ഇത്തരമൊരു ആശയം നടപ്പിലാക്കണമെന്ന് ഇന്ത്യയാണ് ഐക്യരാഷ്ട്രയില്‍ ആവശ്യം ഉന്നയിച്ചത്. 72 രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചു.

മില്ലറ്റ് വര്‍ഷാചരണത്തില്‍ ഏഴ് മുഖ്യ ലക്ഷ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളത്

1. ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്‍
2. പോഷണവും ആരോഗ്യസംരക്ഷണവും
3. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം
4. സംരംഭകത്വം വളര്‍ത്തിയെടുക്കല്‍
5. ഉത്പന്നത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കല്‍
6. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രചാരണവും വ്യാപനവും
7. ചെറുധാന്യങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള പരിപാടികളുടെ ആസൂത്രണം

പരിഹരിക്കണം പരിമിതികള്‍, കൊയ്യണം നേട്ടങ്ങള്‍

പോഷകങ്ങളില്‍ മുന്‍പന്തിയിലെങ്കിലും ചെറുധാന്യങ്ങളുടെ ഉത്പാദന ക്ഷമത മറ്റ് ധാന്യങ്ങളേക്കാള്‍ കുറവാണെന്നതിനാലാണ് കര്‍ഷകര്‍ പ്രധാനമായും ഈ കൃഷിയോട് മുഖം തിരിച്ചുനില്‍ക്കുന്നത്. സംസ്‌കരണത്തിനുള്ള ബുദ്ധിമുട്ട്, സജീവമല്ലാത്ത വിപണി, വിത്ത് സംഭരണത്തിനുള്ള പ്രയാസം തുടങ്ങിയവ കര്‍ഷകര്‍ക്ക് മില്ലറ്റ് കൃഷിക്കുള്ള പ്രിയം കുറച്ചു. എന്നാല്‍, മില്ലറ്റുകളുടെ കാര്‍ഷിക/വിപണി സാധ്യതകള്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങി. പല രൂപത്തില്‍ അവ വിപണിയിലേക്കെത്തുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുളള കഴിവാണ് ചെറുധാന്യകൃഷിയുടെ പ്രധാന മേന്മ. International crops Research institute for the semi arid tropics, Hyderabad-ലെ പഠനമനുസരിച്ച് ചെറുധാന്യങ്ങള്‍ക്ക് 46 ഡിഗ്രി ചൂടിനെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. നെല്ലുപോലുള്ള വിളകള്‍ നേരിടുന്ന ജലസേചന പ്രശ്‌നം അതുകൊണ്ടുതന്നെ ചെറുധാന്യക്കൃഷിക്കില്ല എന്നതും ഇവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഉത്പാദനത്തെ ബാധിക്കുന്ന രോഗ, കീടബാധയും ചെറുധാന്യകൃഷിയിലില്ലെന്നതും എടുത്തുപറയേണ്ടതാണ്.

മില്ലറ്റ് വര്‍ഷാചരണത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി മില്ലറ്റ് പ്രചാരത്തിനായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചത്. ചെറുധാന്യങ്ങളുടെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായും പ്രഖ്യാപിച്ചു. മില്ലറ്റ് ഗവേഷണത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കും. ഗവേഷണത്തിന് ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണത്തിനും ഇന്ത്യ മേല്‍നോട്ടം വഹിക്കും. മില്ലറ്റുകളുടെ ഗ്ലോബല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനാണ് ലക്ഷ്യം.ഉയര്‍ന്ന സംഭരണവിലയും വിപണിയും ഉറപ്പാക്കിയാല്‍ മില്ലറ്റ് കര്‍ഷകരുടേയും ഭാവി ശോഭനമാവും. പരമ്പരാഗത ഭക്ഷണങ്ങളോടും വസ്തുക്കളോടുമൊക്കെയുള്ള ഭാരതത്തിന്റെയും ലോകത്തിന്റേയും പ്രിയം മില്ലറ്റുകളുടെ തിരിച്ചുവരവിനും വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

Millet.jpg?$p=a861ce7&&q=0

ചെറുധാന്യം, വലിയ ഗുണം

സൂപ്പര്‍ഫുഡ് അറിയപ്പെടുന്ന മില്ലെറ്റുകള്‍ മാംസ്യം, അവശ്യ വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ് , സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതു- ലവണങ്ങള്‍, ഭക്ഷ്യയോഗ്യമായനാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ്‌. ഇവ മികച്ച രോഗപ്രതിരോധശേഷിയും ജീവിതശൈലി രോഗങ്ങള്‍ക്ക് അനുയോജ്യമായ ഭക്ഷണവും പ്രദാനം ചെയ്യുന്നു.

മില്ലെറ്റുകളിലെ കാര്‍ബോ ഹൈഡ്രേറ്റ് ദഹനവേളയില്‍ വളരെ സാവധാനം മാത്രം ഭക്ഷണത്തില്‍ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് കടത്തി വിടുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് യോജിച്ച ഭക്ഷണമായി കണക്കാക്കാം. കൂടാതെ ഭക്ഷ്യയോഗ്യമായ നാരുകള്‍ രക്തത്തിലെ കൊളസ്ട്രോള്‍നില കുറയ്ക്കാനും സഹായിക്കുന്നു. സ്ഥിരമായി മില്ലെറ്റ് കഴിക്കുന്നവരില്‍ ഹൃദ്രോഗബാധ കുറവായിരിക്കും. ചെറുകുടലിലെ അള്‍സര്‍, മലബന്ധം എന്നിവ കുറവായും കാണപ്പെടുന്നു. സാവധാനം ദഹിക്കുന്ന അന്നജവും ധാരാളം നാരുകളുടെയും സന്നിധ്യം ഇവയെ അമിതവണ്ണം ശരീരഭാരം എന്നിവ കുറയ്ക്കുന്നതിന് അനുയോജ്യമായ ഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്.

മില്ലെറ്റുകള്‍ ഗ്ലൂട്ടണ്‍ വിമുക്ത ഭക്ഷ്യവസ്തു ആയതിനാല്‍ സീലിയാക്ക് രോഗികള്‍, അലര്‍ജി, ആമാശയ സംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്ക് ഉത്തമമായ ഒരു ധാന്യമാണ്. ഉദാഹരണത്തിന് തിന ഒരു ഉത്തമമായ ധാന്യമാണ്. കാല്‍സ്യം, ധാതു- ലവണങ്ങള്‍ എന്നിവ ധാരാളം അടങ്ങിയതിനാല്‍ വാതരോഗികള്‍ക്ക് എല്ലുകളെ ബലപ്പെടുത്തുന്നതിനും നീര്‍ക്കെട്ട് കുറയ്ക്കുന്നതിനും മില്ലെറ്റുകള്‍ ശീലമാക്കാം. വിറ്റാമിന്‍ ബി സമൃദ്ധമായ ധാന്യമായതിനാല്‍, അള്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കുന്നു. കൂടാതെ ഇവയിലെ ആന്റി ഓക്സിഡന്റായ പോളിഫിനോളുകള്‍ തലച്ചോറിന്റെ ഓക്സിഡേറ്റീവ് സ്ട്രസ് കുറയ്ക്കുന്നതിനും അതുവഴി മസ്തിഷ്‌ക ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന് ചാമ അരി, വരക് എന്നിവ പോഷകസമൃദ്ധവും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാത്തതും എന്നാല്‍ രുചികരവും ആണ്. മാത്രമല്ല, ചെറുധാന്യങ്ങള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ശിശുക്കള്‍ക്കുപോലും ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അനീമിയ ഒഴിവാക്കുന്നതിനും ആവശ്യമായ കലോറി, പ്രോട്ടീന്‍ കാല്‍സ്യം, നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍ വിറ്റാമിന്‍ ബി- കോംപ്ലക്സ് എന്നിവയാല്‍ സമ്പന്നമാണ് മില്ലറ്റുകള്‍. ഇതിനുദാഹരണമാണ് കൂവരക്, കോഡോ മില്ലറ്ററുകള്‍ തുടങ്ങിയവ.

നല്ല ആരോഗ്യ സംരക്ഷണത്തിനും തീരാ വ്യാധികള്‍ക്കുമുള്ള ചികിത്സയില്‍ സ്വാധീനം ചെലുത്തുന്നതിനും ഇവയ്ക്ക് കഴിയും. ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ ദഹനനാളത്തിലെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് യോജിച്ച ഭക്ഷണം കൂടിയാണ്.

150 അപൂര്‍വ ധാന്യങ്ങളുടെ ശേഖരം; മില്ലറ്റ് ‘ബ്രാന്‍ഡ് അംബാസഡറായി ലഹരി

ഒന്നും രണ്ടും പത്തുമല്ല.. അപൂര്‍വ ചെറുധാന്യങ്ങളടങ്ങിയ 150 ചാക്കുകളാണ് മധ്യപ്രദേശുകാരിയായ ലഹരി ബായിയുടെ പക്കലുള്ളത്. മില്ലറ്റുകളുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നതിന് മുന്‍പ് അത് തിരിച്ചറിഞ്ഞ് മില്ലറ്റ് കൃഷി ചെയ്യാനും ശേഖരിക്കാനും ആരംഭിച്ചിരുന്നു ലഹരി.

മധ്യപ്രദേശിലെ ഡിണ്ഡോരി ജില്ലയിലെ സില്‍പാഡിയാണ് ലഹരിയുടെ സ്വദേശം. ആദിവാസി മേഖലയായ ഇവിടെ വര്‍ഷങ്ങളായി മില്ലറ്റ് കൃഷി നടത്തുകയാണ് ഇവര്‍. ആദിവാസി വിഭാഗമായ ഭൈഗ വിഭാഗത്തിലുള്‍പ്പെട്ടവരാണ് ലഹരി. സര്‍ക്കാര്‍ പദ്ധതിയില്‍ ലഭിച്ച രണ്ടുമുറി വീട്ടിലെ ഒരു മുറി അവര്‍ അടുക്കളയും കിടപ്പുമുറിയുമായെല്ലാം ഉപയോഗിക്കുമ്പോള്‍ അടുത്ത മുറി നിറയെ അപൂര്‍വധാന്യങ്ങളുടെ ശേഖരവുമുണ്ട്. വിത്ത് ശേഖരിക്കല്‍ മാത്രമല്ല, ചെറുധാന്യകൃഷി പ്രചരിപ്പിക്കാനും വിത്ത് സൗജന്യമായി വിതരണം ചെയ്യാനും ലഹരി തയ്യാറാണ്. തന്റെ ഗ്രാമത്തിന് സമീപ പ്രദേശത്തുള്ള 54 ഗ്രാമങ്ങളില്‍ ഇതുവരെ ലഹരി നല്‍കിയ വിത്തുകള്‍ കൃഷിയായി മാറിയിട്ടുണ്ട്. വിത്ത് നല്‍കിയതിന്റെ പ്രതിഫലമായി ഗ്രാമവാസികള്‍ വിളവില്‍ നിന്നൊരു ഭാഗം ലഹരിക്ക് എല്ലാത്തവണയും കൈമാറുകയും ചെയ്യും. മില്ലറ്റ് വിത്തുകള്‍ സംരക്ഷിക്കുകയെന്നത് തന്റെ ജീവിതലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് ലഹരി പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനമറിയിച്ച ഡിണ്ഡോരി ജില്ലാ കളക്ടര്‍ ലഹരിയെ 10 ലക്ഷം രൂപയുടെ ഐ.സി.ഐ.ആര്‍ സ്‌കോളര്‍ഷിപ്പിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മില്ലറ്റ് സംരക്ഷണത്തിനും ഗവേഷണത്തിനുമായാണ് തുക നല്‍കുക.

New%20Project%20 %202023 02 07T155303.958.jpg?$p=36424b3&&q=0

രാഷ്ട്രനേതാക്കളുടെ തീന്‍മേശയിലെത്തും റാഗി ദോശയും ഉപ്പുമാവും

പാര്‍ലമെന്റ് കാന്റീനിലെ വിഭവങ്ങള്‍ പൂര്‍ണമായും ചെറുധാന്യ സൗഹൃദമാക്കുന്നതായി കഴിഞ്ഞദിവസം കേന്ദ്രം അറിയിച്ചിരുന്നു. ചെറുധാന്യങ്ങളുള്‍പ്പെടുത്തിയുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവുമുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയിലും ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്തും. സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിലും രാഷ്ട്രത്തലവന്മാരുള്‍പ്പടെയുള്ള അതിഥികള്‍ക്ക് റാഗി ദോശയും ജോവര്‍ ഉപ്പുമാവുമാണ് അതിഥികള്‍ക്ക് വിളമ്പുക. ഒരുകാലത്ത് സജീവമായിരുന്ന ചെറുധാന്യത്തെ വീണ്ടും അതിന്റെ പ്രതാപ കാലത്തേക്ക് മടക്കിയെത്തിക്കാനുള്ള നീക്കങ്ങള്‍ക്കാണ് ഇന്ത്യ നേതൃത്വം നല്‍കുന്നത്.

പണ്ട് നമ്മുടെ കൃഷിയിടങ്ങളില്‍ ചെറുധാന്യങ്ങള്‍ സുലഭമായി കൃഷി ചെയ്തിരുന്നു. മില്ലറ്റുകളുടെ ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞ ജനത മില്ലറ്റുകള്‍ ഭക്ഷണക്രമത്തില്‍ പ്രധാനവിഭവമായി ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇടക്കാലത്ത് മില്ലറ്റ് പ്രിയം കുറഞ്ഞെങ്കിലും ബിസ്‌കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയല്‍സ്, മള്‍ട്ടി ഗ്രെയ്ന്‍ ആട്ട എന്നീ രൂപങ്ങളില്‍ ഇവ വീണ്ടും വിപണിയില്‍ സ്ഥാനം പിടിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ മില്ലറ്റുകള്‍ക്ക് പ്രചാരം നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹരിത വിപ്ലവത്തിലൂടെ സമഗ്രമായ പരിഷ്‌കരങ്ങള്‍ നടപ്പിലാക്കി നെല്ലിന്റെയും ഗോതമ്പിന്റെയും ഉത്പാദനം വര്‍ധിപ്പിച്ച ഇന്ത്യ, മില്ലറ്റ് വിപ്ലവത്തിലൂടെ നേട്ടമുണ്ടാക്കുമോ എന്ന് കാത്തിരുന്ന കാണണം.

കേരളത്തിലും വേണം മില്ലറ്റുകള്‍ക്ക് പ്രചാരം

ചെറുധാന്യ കൃഷിയില്‍ കേരളം താരതമ്യേനെ വളരെ പിന്നിലാണുള്ളത്. പലതരം വിളകള്‍ മില്ലറ്റുകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും മുത്താറി/പഞ്ഞപ്പുല്ല്, കൂവരക് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന റാഗി, ജോവര്‍ അല്ലെങ്കില്‍ മണിച്ചോളം എന്നിവയോടാണ് കേരളത്തിന് പ്രിയം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മില്ലറ്റ് കൃഷിയുള്ളത് പാലക്കാട്, ഇടുക്കി ജില്ലകളിലാണ്, പ്രത്യേകിച്ച് അട്ടപ്പാടി, മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍. മഴ കുറഞ്ഞ ഈ പ്രദേശങ്ങളില്‍ ചെറുധാന്യ കൃഷിക്ക് സാധ്യതയുണ്ട്. മഴ കൂടുതലുള്ള, മറ്റു വിളകള്‍ കൃഷി ചെയ്യുന്ന മേഖലകളില്‍, ചെറുധാന്യങ്ങള്‍ വ്യാപിപ്പിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മുഖ്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള കുറഞ്ഞ വിളവ്, അരിയേക്കാള്‍ കുറഞ്ഞ വില എന്നതും കര്‍ഷകര്‍ പ്രശ്‌നങ്ങളാക്കി ഉയര്‍ത്തിക്കാട്ടുന്നു. ഇവ പരിഹരിക്കപ്പെട്ടുകൊണ്ടുവേണം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മില്ലറ്റ് കൃഷി വ്യാപിപ്പിക്കേണ്ടത്.

New%20Project%20 %202023 02 07T154937.364.jpg?$p=e7485c6&&q=0

കേരളത്തിലുണ്ടൊരു മില്ലറ്റ് ഗ്രാമം

മില്ലറ്റുകളുടെ പ്രചാരണാര്‍ഥം 2018-ല്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടപ്പാടിയില്‍ മില്ലറ്റ് ഗ്രാമം പദ്ധതി കൊണ്ടുവന്നു. ഈ ആദിവാസി മേഖലയിലെ 1900 ഏക്കറില്‍ ഇവിടത്തെ തനത് വിഭവങ്ങളായ റാഗി, ചാമ, തിന, കുതിരവാലി, വരക് എന്നിവ കൃഷിയിറക്കിയാണ് പദ്ധതി നടപ്പാക്കിയത്. ആദിവാസി പങ്കാളിത്തത്തോടെ ഏറ്റെടുത്ത മില്ലറ്റ് ഗ്രാമം പദ്ധതിയുടെ മുഖ്യസംഘാടകര്‍ സംസ്ഥാന കൃഷി വകുപ്പായിരുന്നു.

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നല്ലപങ്കും പരുത്തിക്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. കേരളത്തില്‍ നിരോധിക്കപ്പെട്ട ബി.ടി. പരുത്തിയുള്‍പ്പെടെ കൃഷി ചെയ്തിരുന്ന ഇവിടം ഇന്ന് പോഷകധാന്യങ്ങളുടെ താഴ്​വരയാണ്. കൃഷിവകുപ്പിന്റേയും പട്ടികവര്‍ഗ ക്ഷേമവകുപ്പിന്റേയും നേതൃത്വത്തിലുളള മില്ലറ്റ് ഗ്രാമം പദ്ധതി അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. പോഷകധാന്യ ഉത്പാദനം വര്‍ധിച്ചതോടെ ഊരുവാസികളുടെ പോഷകലഭ്യതയില്‍ ഗണ്യമായ ഉയര്‍ച്ചയാണുണ്ടായിട്ടുള്ളത്.

2006 മുതല്‍ അട്ടപ്പാടി ഊരുകളില്‍ ‘ബോള്‍ വേം’ കീടത്തെ പ്രതിരോധിക്കുന്ന ബി.ടി. പരുത്തി വിളയിച്ചിരുന്നു. ബി.ടി. പരുത്തി തുടക്കത്തില്‍ നല്ല വിളവുതരികയും ചെയ്തു. അതേസമയം ഈ പ്രദേശത്ത് പാരമ്പര്യമായി കൃഷിചെയ്തിരുന്ന റാഗി, പനിവരക്, തിന, മണിച്ചോളം തുടങ്ങിയ പോഷകധാന്യങ്ങളും അട്ടപ്പാടി കടുക്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കളും ആട്ടുകൊമ്പന്‍ അവര, അട്ടപ്പാടി തുവര തുടങ്ങിയ പയറുവര്‍ഗങ്ങളും വലിയതോതില്‍ ഊരുകളില്‍നിന്ന് പുറത്തായി. അത് ഊരുനിവാസികളുടെ പോഷകലഭ്യതയെ വളരെ ദോഷകരമായി ബാധിച്ചു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ബി.ടി.പരുത്തിയെ ഒഴിവാക്കി പോഷകധാന്യക്കൃഷി മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി അന്നത്തെ കൃഷിമന്ത്രി മന്ത്രി വി.എസ്. സുനില്‍കുമാറാണ് മില്ലറ്റ് ഗ്രാമം എന്ന ആശയം മുന്നോട്ടുവെച്ചത്.

ഊരുമൂപ്പന്മാരെ ബോധവത്കരിച്ചു കൊണ്ടായിരുന്നു മില്ലറ്റ് ഗ്രാമം പദ്ധതിയുടെ തുടക്കം. ബി.ടി. പരുത്തിയുടെ ദോഷവശങ്ങള്‍ ആദിവാസികര്‍ഷകരെ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്ന് 2017-18 വര്‍ഷത്തില്‍ 515 ഹെക്ടറില്‍ കൃഷിയിറക്കി. വിത്തും ഉത്പാദനോപാധികളും സൗജന്യമായാണ് നല്‍കിയത്. എന്നാല്‍ പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ പരീക്ഷണം പരാജയമായി. എങ്കിലും അടുത്ത സീസണില്‍ 1000 ഹെക്ടറില്‍ കൃഷിയിറക്കി. 980 ടണ്‍ വിളവ് ലഭിച്ചു. സംസ്‌കരണ യൂണിറ്റ് ഇല്ലാത്തതിനാല് കോയമ്പത്തൂരില്‍ നിന്നാണ് വിളവ് സംസ്‌കരിച്ചത്. 12 ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിച്ചു. അടുത്ത വര്‍ഷം അട്ടപ്പാടിയില്‍ തന്നെ സംസ്‌കരണ യൂണിറ്റ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കി. ഉത്പാദനം കൂട്ടി വിപണനം കേരളത്തിനകത്തും പുറത്തേക്കുമെത്തിക്കാനാണ് ഇനി മില്ലറ്റ് ഗ്രാമത്തിന്റെ ലക്ഷ്യം. ഊരുനിവാസികളുടെ ആരോഗ്യത്തിലും മില്ലറ്റിന്റെ പോഷകഗുണങ്ങള്‍ പ്രതിഫലിക്കുന്നുവെന്നാണ് വസ്തുത. മില്ലറ്റ് ഗ്രാമം പദ്ധതി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ മില്ലറ്റ് സ്വപ്‌നങ്ങള്‍ക്ക് മാതൃകയായി അട്ടപ്പാടി നമുക്ക് മുന്നിലുണ്ട്.

കേരളവും മാറണം, സാധ്യതകള്‍ തിരിച്ചറിയണം- വി.എസ് സുനില്‍കുമാര്‍ (മുന്‍ കൃഷിമന്ത്രി)

കേരളത്തില്‍ മില്ലറ്റ് കൃഷിക്ക് വേണ്ടി പദ്ധതി ഇല്ലാത്ത കാലത്താണ് മില്ലറ്റ് ഗ്രാമവുമായി അന്ന് കൃഷി വകുപ്പ് മുന്നിട്ടിറങ്ങുന്നത്. കേരളത്തില്‍ പണ്ട് സജീവായി കൃഷി ചെയ്തിരുന്ന മില്ലറ്റുകളെ തിരിച്ചെത്തിക്കുകയായിരുന്നു ലക്ഷ്യം. പണ്ട് നമ്മുടെ നാട്ടില്‍പുറത്തും പാടത്തുമെല്ലാം വ്യാപകമായി ചെറുധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നു. പിന്നീട് അതെല്ലാം നെല്ലിന് വഴിമാറി. അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയായിരിക്കെ അന്ന് ഞങ്ങള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ ഊരുമൂപ്പന്മാര്‍ പറഞ്ഞ ഒരു കാര്യമാണ് മില്ലറ്റ് വീണ്ടും കൃഷി ചെയ്യുന്നതിലേക്കെത്തിയത്. അന്ന് അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് നിങ്ങളുടെ റേഷന്‍ അരിയോ ഗോതമ്പോ ഒന്നും വേണ്ട, ഞങ്ങള്‍ക്ക് ഞങ്ങളുടെ ചെറുധാന്യങ്ങളാണ് കൃഷി ചെയ്യേണ്ടത് എന്നാണ്. അന്ന് അട്ടപ്പാടിയില്‍ ചെറിയ രീതിയില്‍ മില്ലറ്റ് കൃഷി നടക്കുന്നുണ്ടായിരുന്നു. പിന്നീട് അടുത്തവര്‍ഷം കൃഷിമന്ത്രിയായിരിക്കെ അട്ടപ്പാടി സന്ദര്‍ശിച്ച് മില്ലറ്റ് ഗ്രാമം പദ്ധതി പ്രഖ്യാപിച്ചു. ഊരില്‍ പോഷകാഹാരം ഉറപ്പാക്കുന്നതിനൊപ്പം മില്ലറ്റ് കൃഷി വര്‍ധിപ്പിക്കല്‍ കൂടിയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ചിന്നാറില്‍നിന്നും കോയമ്പത്തൂരില്‍ നിന്നുമെല്ലാം വിത്ത് ശേഖരിച്ച് ഊരിലെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയാണ് കൃഷി ആരംഭിച്ചത്. ആദ്യത്തെ വര്‍ഷം പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. അന്ന് അതിന് രൂക്ഷമായ വിമര്‍ശനം നേരിട്ടെങ്കിലും അടുത്ത തവണയും കൃഷിയിറക്കി, അത് വിജയിച്ചു. അപ്പോള്‍ വിളവ് കൂടുതലായിരുന്നു, എന്നാല്‍, അത് സംസ്‌കരിക്കാനുള്ള സംവിധാനം നമുക്കുണ്ടായില്ല. കോയമ്പത്തൂരില്‍ കൊണ്ടുപോയാണ് മില്ലറ്റ് സംസ്‌കരണം നടത്തിയത്. പിന്നീട് ഹൈദരാബാദിലെ മില്ലറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. സംസ്‌കരണത്തിനുള്ള സാങ്കേതിക സഹായം നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കിയത് പ്രകാരം ഊരില്‍ ഒരു കമ്പനി രൂപീകരിച്ചു. പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചു. പിന്നീട് മില്ലറ്റ് സംസ്‌കരണം അട്ടപ്പാടിയില്‍വെച്ചുതന്നെയാണ് നടന്നത്. രണ്ടു മൂന്നു വര്‍ഷം കൊണ്ട് മില്ലറ്റ് കൃഷി തിരിച്ചെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍ ട്രൈബല്‍ വകുപ്പാണ് സംഭരിച്ചതെങ്കിലും ഊരില്‍നിന്നുള്ള മില്ലറ്റ് ഇന്ന് പൊതുവിപണിയിലും ലഭ്യമാക്കുന്നുണ്ട്. പോഷകങ്ങളാല്‍ സമ്പുഷ്ടമായ വ്യത്യസ്തമായ നിരവധി മില്ലറ്റ് ഇന്ന് നമുക്ക് അട്ടപ്പാടിയിലേയും ചിന്നാറിലേയുമെല്ലാം ആദിവാസികളുടെ പക്കല്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ മില്ലറ്റ് കൃഷിയുടെ സാധ്യതകള്‍ കൂടുതലാണ്.

വരള്‍ച്ച പോലുള്ള കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കൃഷിയെ സാരമായി ബാധിക്കുമെങ്കിലും ഇതിനേയും അതിജീവിക്കുന്നവയാണ് മില്ലറ്റ് കൃഷി. വളരെ കുറച്ച് വെള്ളം മാത്രമേ ഇവയ്ക്ക് ആവശ്യമായിട്ടുള്ളൂ. കേരളത്തിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞാല്‍ അവിടെ മില്ലറ്റുകള്‍ കൃഷി ചെയ്യാം. വെള്ളം വേണ്ടെന്നു മാത്രമല്ല, വളരെ ചുരുങ്ങിയ സമയം കൊണ്ട് വിളവെടുപ്പ് നടത്തുകയും ചെയ്യാം. 70-90 ദിവസം വരെയാണ് മില്ലറ്റ് കൃഷിക്ക് വേണ്ടത്. ആ സാധ്യതകളിലേക്കൊന്നും നാം ഇതുവരെ കടന്നിട്ടില്ലെന്നതാണ് വസ്തുത.

മില്ലറ്റ് കൃഷിയില്‍ കേരളത്തിലെ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളൊന്നും വേണ്ടത്ര പഠനം നടത്തുകയോ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളോ നടത്തിയിട്ടില്ലെന്നാണ് അഭിപ്രായം. വിസ്തൃതിയുടെ കാര്യത്തിൽ കുറവായതിനാല്‍ നമുക്ക് കേന്ദ്രപദ്ധതികളിലൊന്നും ഉള്‍പ്പെടാന്‍ സാധിക്കുന്നില്ല. സംസ്ഥാന ബജറ്റില്‍ പോലും ഇതിനായി തുക വിലയിരുത്തുന്നില്ല. കൃഷി മന്ത്രിയായിരിക്കെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണ് മില്ലറ്റ് ഗ്രാമത്തിനായി സാമ്പത്തികം ഉറപ്പാക്കാന്‍ സാധിച്ചത്. ഇതുമാറണം. ബജറ്റില്‍ തുക അനുവദിക്കുന്ന തലത്തിലേക്ക് മില്ലറ്റ് കൃഷി കേരളത്തില്‍ വ്യാപകമാക്കണം. വിത്തും കൃഷി സംവിധാനങ്ങളും കര്‍ഷകരിലേക്ക് എത്താനാവശ്യമായ നടപടികളുണ്ടാവണം. ഇന്ന് എവിടെ പോയാലാണ് മില്ലറ്റ് വിത്തുകള്‍ ലഭിക്കുകയെന്നു പോലും ആര്‍ക്കുമറിയില്ല. കൃഷിവകുപ്പ് മുഖേന ഇത് പരിഹരിക്കാന്‍ നടപടിയുണ്ടാവണം. ജില്ലാ അടിസ്ഥാനത്തില്‍ മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കണം. കൃഷി ചെയ്യുന്ന വിസ്തൃതി കൂടിയാല്‍ കേന്ദ്രപദ്ധതികളില്‍ ഉള്‍പ്പെടുകയും സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് വിലയും വിളകള്‍ക്ക് വിപണിയും ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യണം. കൃഷി ചെയ്യാന്‍ ചെലവ് കുറവാണെങ്കിലും സംസ്‌കരണത്തിനാണ് തുക വേണ്ടിവരുന്നത്. ഇതിനായി സംസ്ഥാനത്ത് പ്രോസസിങ് യൂണിറ്റുകള്‍ ആരംഭിക്കണം.

മില്ലറ്റുകള്‍ക്ക് വിപണി ഉണ്ടാവില്ലേ എന്നൊക്കെയുള്ള ആശങ്കകള്‍ വെറുതേയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. മലയാളികളുടെ തീന്‍മേശയില്‍ സ്ഥിരമായിരുന്ന ഒരു ഭക്ഷണപദാര്‍ഥമാണല്ലോ, അതുകൊണ്ട് മില്ലറ്റ് നമുക്ക് പുതിയതല്ല. പുതിയ പലതരം ഉത്പന്നങ്ങളുടെ രൂപത്തില്‍ ഇവ വിപണിയില്‍ ലഭിക്കുന്നുണ്ട്. പോഷകസമ്പുഷ്ടമായ മില്ലറ്റും കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

ലോകത്തില്‍ മില്ലറ്റിന്റെ ഏറ്റവും വലിയ ഉത്പാദകരമായി ഇന്ത്യ മാറുമ്പോഴും കേരളത്തിന് അതില്‍ പങ്കില്ലാത്ത സ്ഥിതിയിലേക്ക് നാം എത്തിച്ചേരരുത്. വിസ്തൃതി കൂട്ടിയില്ലെങ്കില്‍ മില്ലറ്റ് പ്രോത്സാഹനത്തിന് വേണ്ടിയുള്ള എല്ലാ കേന്ദ്രപദ്ധതികളില്‍നിന്നും നാം പുറത്താവും. കേരളത്തില്‍ മില്ലറ്റ് കൃഷി വളരെ എളുപ്പത്തില്‍ വ്യാപിപ്പിക്കാവുന്നതേയുള്ളൂ. അതിന് മാതൃകയാക്കാന്‍ നമുക്ക് മുന്നില്‍ അട്ടപ്പാടിയുണ്ട്. കേരളം മുഴുവന്‍ മില്ലറ്റ് ഗ്രാമങ്ങളാവട്ടെ ലക്ഷ്യം.

Content Highlights: millet revolution india leads action to popularise millets

കാർഷിക വിവരങ്ങൾക്ക് സമഗ്രമായ ഒരു മലയാളം ആപ്ലിക്കേഷൻ

green village app  free download 


Leave a Reply

Your email address will not be published. Required fields are marked *