Uncategorized

അമുൽ… വിശ്വവിജയി | പ്രമോദ് മാധവൻ


    മുകളിൽ കൊടുത്ത വാർത്ത ശ്രദ്ധിക്കുക. 


ലോകത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനമായി അമുൽ തെരെഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത ഏത് ഭാരതീയനും അഭിമാനിക്കാൻ വക നൽകുന്നു.


പോൾസൺ ഡെയറി എന്ന തദ്ദേശീയ കുത്തകയുടെ ചൂഷണത്തിൽ നിന്നും ഗുജറാത്തിലെ ക്ഷീരകർഷകരെ രക്ഷിക്കാനായി, ഒരു സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കാൻ ഇന്ത്യയുടെ ‘ഉരുക്ക് മനുഷ്യൻ’  സർദാർ വല്ലഭായ് പട്ടേൽ, ഗുജറാത്തിലെ കൈറ ജില്ലയിലെ തൃഭൂവൻദാസ് കിഷിഭായ് പട്ടേലിനെ ചുമതലപ്പെടുത്തുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദകരുള്ള ഡെയറി ആയ അമുൽ (ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്  AMUL) രൂപം കൊള്ളുകയായിരുന്നു.


ഇന്ന് അത് 72000 കോടി രൂപ വാർഷിക വിറ്റ് വരവുള്ള, ലോകത്തിലെ അമ്പതിലധികം രാജ്യങ്ങളിലേക്ക് പാലുത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മഹാപ്രസ്ഥാനമായി മാറി എന്നത് ഏത് ഇന്ത്യക്കാരനെയും പുളകം കൊള്ളിയ്ക്കും.


വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ അമുൽ ലോകത്ത്  പന്ത്രണ്ടാം സ്ഥാനത്താണ് എന്ന് കാണാം. 


ആഗോള കുത്തകകളുടെ വിളയാട്ടമാണ് ഈ മേഖലയിൽ.


ഒന്നാം സ്ഥാനം ഫ്രഞ്ച് കമ്പനിയായ Lactalis.


രണ്ടാം സ്ഥാനത്തു സ്വിസ് കമ്പനിയായ Nestle.


 മൂന്നാം സ്ഥാനത്ത് വീണ്ടും ഫ്രഞ്ച് കമ്പനിയായ Danone.


നാലാമത് യാങ്കികളുടെ Dairy Farmers of America.


അഞ്ചാമത് ചൈനക്കാരന്റെ Yili.


 ആറാമത് കിവീസിന്റെ Fontera.. 


അങ്ങനെ പോകുന്നു ആ ശ്രേണി.


2023 ൽ അമുൽ അഥവാ ഗുജറാത്ത്‌ കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF ) ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു.1973 ൽ ആണ് GCMMF രൂപീകരിക്കുന്നത്. ലോകബാങ്ക് സഹായത്തോടെ ‘ധവളവിപ്ലവം ‘നടക്കുന്ന കാലം. അവിടെ നിന്നും അമ്പതാണ്ടുകൾ പിന്നിട്ട ചരിത്രനിമിഷമായിരുന്നു 2023 ൽ കൊണ്ടാടിയത്.


33 ജില്ലകളിലെ 18600 ഗ്രാമങ്ങളിലെ മുപ്പത്താറ്‌ ലക്ഷം ക്ഷീരകർഷകരുടെ ആശയും ആവേശവുമായ അമുൽ എന്ന വ്യാപാരനാമം. ഒരു ദിവസം ഏതാണ്ട് 26 ലക്ഷം ലിറ്റർ പാൽ ആണ് അമുലിന്റെ സൊസൈറ്റികളിൽ സംഭരിക്കപ്പെടുന്നത്.


2007 ഡിസംബർ 27 ന് ലോകത്ത് ആദ്യമായി ഒരു ഡെയറി ഒരൊറ്റ ദിവസത്തിൽ 30 ലക്ഷം ലിറ്റർ പാൽ അളന്ന്  അമുൽ ചരിത്രം കുറിച്ചു.അതാണ്ട്രാ അമുൽ.


 ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.


അമൂലിന്റെ ഈ ചരിത്രപരമായ വളർച്ചയിൽ കുന്തമുനയായതും ഒരു മലയാളി ആണ്. ഇന്ത്യയുടെ പാൽക്കാരൻ ശ്രീ. വർഗീസ് കുര്യൻ.1949 ൽ ആണ് അദ്ദേഹം ആ മുന്നേറ്റത്തിന്റെ ഭാഗമാകുന്നത്.


 Amul എന്നും Sagar എന്നും രണ്ട് ലോകോത്തര ബ്രാന്റുകൾ GCMMF ന് സ്വന്തമായുണ്ട്.


ഇന്ത്യയുടെ പാലുൽപ്പാദനത്തിന്റെ മൊത്തമൂല്യം പത്ത് ലക്ഷം കോടി രൂപ കടന്നു എന്നത് മറ്റൊരു വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിൽ ഒരു കൊല്ലം ഉത്പാദിപ്പിക്കുന്ന അരി, ഗോതമ്പ്, കരിമ്പ് എന്നീ മൂന്ന് കാർഷിക വിളകളുടെ  കൂട്ടായ ഉത്പാദന മൂല്യത്തെക്കാൾ, ഉയർന്ന മൂല്യം, പാൽ എന്ന ഒറ്റ കാർഷിക ഉത്പന്നം കൈവരിച്ചു എന്ന് പറയുമ്പോൾ തന്നെ അത്‌ എത്ര വലിയ ഒരു നേട്ടമാണ് എന്ന് പറയേണ്ടതില്ലല്ലോ.


വാൽക്കഷ്ണം :1946 ഡിസംബർ 19ന് ഗുജറാത്തിലെ കൈറ ജില്ലയിൽ ശ്രീ. ത്രിഭൂവൻ ദാസ് പട്ടേലിന്റെ നേതൃത്വത്തിൽ ഇങ്ങനെ ഒരു സഹകരണ പ്രസ്ഥാനം ഉരുവം കൊണ്ടതിന്റെ പിന്നിൽ മറ്റൊരു കഥയുണ്ട്.


1915ൽ,  പാർസിയായ പെസ്റ്റോൺജി എഡ്യൂൽജി യുടെ പോൾസൺ ഡെയ്റി ആയിരുന്നു കർഷകരിൽ നിന്നും പാൽ സംഭരിച്ചിരുന്നത്. വളരെ തുച്ഛമായ വിലയായിരുന്നു അവർ ക്ഷീരകർഷകർക്ക് നൽകി വന്നത്.അത്‌ ഒരു തരത്തിലും ഗ്രാമീണരെ തുണച്ചില്ല. അക്കാലത്ത് ഒരു ദിവസം അഞ്ച് ടൺ വരെ വെണ്ണ ഉണ്ടാക്കാൻ പോൾസൺ ഡെയറിയ്ക്ക് കഴിഞ്ഞിരുന്നു.


പാലിലെ ക്രീം വേർതിരിച്ചു നാലഞ്ച് ദിവസം സൂക്ഷിച്ച്, അതിൽ വലിയ അളവിൽ ഉപ്പ് ചേർത്തായിരുന്നു അവർ വെണ്ണ ഉണ്ടാക്കിക്കൊണ്ടിരുന്നത്. ആ രുചി ബ്രിട്ടീഷ്കാർ അടക്കമുള്ള ഉപഭോക്താക്കൾക്ക് ‘ക്ഷ’ പിടിച്ചിരുന്നു. ആ സമയത്താണ് ഫ്രഷ് ക്രീമിൽ നിന്നും Amul വെണ്ണ ഉണ്ടാക്കാൻ തുടങ്ങിയത്. പക്ഷെ ആ രുചി ഉപഭോക്താക്കൾക്ക് അത്ര പിടിച്ചില്ല. അതിനാൽ ഉപ്പിട്ട വെണ്ണ തന്നെ ഉത്പാദിപ്പിക്കാൻ അമുലും നിർബന്ധിതരായി.


1966 ഓട് കൂടി Sylvester de Cunha എന്ന പരസ്യനിർമ്മാതാവ് Amul girl നെ അവതരിപ്പിച്ച്, ആകർഷകമായ പരസ്യങ്ങൾ ഇറക്കാൻ തുടങ്ങി. അത്‌ ജനഹൃദയങ്ങളെ കീഴടക്കി. ഇന്നും ആ സുന്ദരിക്കുട്ടി തന്നെയാണ് Utterly Butterly delicious എന്ന tag line മായി നമ്മളെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്നത്.


കർഷകർ ചലച്ചിത്രനിർമ്മാതാക്കൾ ആയ ഒരു ചരിത്രവും അമൂലിനുണ്ട്. Syam Benegal സംവിധാനം ചെയ്ത Manthan എന്ന ഹിന്ദി ചിത്രം ഏതാണ്ട് അമൂലിന്റെ ചരിതകഥ പറയുന്ന ഒന്നായിരുന്നു. Gireesh Karnad, Nazarudeen Sha, Smitha Patil, Amreesh Puri എന്നിവരൊക്കെയായിരുന്നു അതിലെ അഭിനേതാക്കൾ.


 ആ ചിത്രം നിർമ്മിക്കാൻ ഗുജറാത്തിലെ അഞ്ച് ലക്ഷം ക്ഷീരകർഷകർ രണ്ട് രൂപ വീതം സംഭാവന നൽകി. സിനിമ ഇറങ്ങിയപ്പോൾ അവരെല്ലാവരും തീയറ്ററിൽ പോയി അത്‌ കണ്ടു വിജയിപ്പിക്കുകയും ചെയ്തു. ആ സിനിമയ്ക്ക് നിരവധി ദേശീയ പുരസ്‌കാരങ്ങളും കിട്ടി.


 ഇന്ത്യയിലെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ അമുൽ ഡെയറി ഉരുവം കൊണ്ടതിൽ നിർണായക പങ്ക് വഹിച്ചയാൾ ആണ്. പക്ഷെ ഇന്ത്യൻ ഭരണകൂടം അദ്ദേഹത്തെ വല്ലതെ വിസ്മരിച്ചു കളഞ്ഞു.പല തട്ടിൽ നിന്ന നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ന് കാണുന്ന ഇന്ത്യയാക്കിമാറ്റിയ ആ വീരപുത്രന് ഒരു ഭാരത രത്‌ന പുരസ്‌കാരം ലഭിച്ചത് 1991ൽ പി. വി. നരസിംഹറാവു പ്രധാന മന്ത്രിയായിരിക്കുമ്പോൾ മാത്രമായിരുന്നു എന്നത് ചരിത്രത്തിലെ ഒരു നീതിനിഷേധ കഥയാണ്. 


വൈകിയാണെങ്കിലും രാജ്യം ആ തെറ്റ് തിരുത്തി.


പ്രമോദ് മാധവൻ



Green Village WhatsApp Group



വാട്ട്‌സ്ആപ്പിൽ ചേരൂ


Leave a Reply

Your email address will not be published. Required fields are marked *