നിങ്ങൾ ടെൻഷനടിക്കാറുണ്ടോ? അത് സർവ്വസാധാരണമാണല്ലോ ലെ! പക്ഷേ ടെൻഷനടിക്കുമ്പോൾ നിങ്ങൾക്ക് അതിയായ വിശപ്പ് അനുഭവപ്പെടാറുണ്ടോ ? പലരും പറഞ്ഞു കേട്ടിട്ടുണ്ട് ടെൻഷൻ അടുത്തുകൂടെ പോവുമ്പോഴേക്കും എന്തെങ്കിലുമൊക്കെ വാരിവലിച്ച് കഴിക്കാൻ തോന്നുമെന്ന്. കേൾക്കുമ്പോൾ വിചിത്രമായി തോന്നുവെങ്കിലും ഇതിന്റെ ഇരയാണ് പലരും. ഇങ്ങനെ കഴിക്കുന്നത് നിസാരമാണെന്ന് വിചാരിക്കണ്ട. ഇതിനെ സ്ട്രെസ് ഈറ്റിങ്ങ് എന്നാണ് പറയപ്പെടുന്നത്. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്ന ഈ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് അവരുടെ അപ്പോഴത്തെ അവസ്ഥയെ ശമിപ്പിക്കാൻ കഴിയുമെന്നാണ് അത്തരക്കാർ വിചാരിക്കുന്നുവെങ്കിലും അതിന്റെ പ്രത്യഘാതം വളരെ വലുതാണ്.
നിങ്ങൾ ഇത് വളരെ സാധാരണയായി കാണേണ്ട ഒരു കാര്യമല്ല. ഇത്തരത്തിൽ നിങ്ങളുടെ കൂടെയുള്ളവർക്ക് ശീലമുണ്ടെങ്കിൽ അത് മാറ്റാൻ നിങ്ങൾ അവരെ സഹായിക്കുക. ഈറ്റിംഗ് ഡിസോർഡർ എന്ന് പറയപ്പെടുന്ന ഇത് നമ്മുടെ വികാരങ്ങളെയും പ്രവർത്തന ശേഷിയെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഈറ്റിങ്ങ് ഡിസോർഡർ ഉള്ളവർക്ക് മധുരം, കൊഴുപ്പ്, ഉപ്പ് എന്നിവ അധികമായി അടങ്ങിയ ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം, കലോറി അധികമായി അടങ്ങിയ ഭക്ഷണം എന്നിവയിലേക്കെല്ലാം ആകര്‍ഷണം കൂടുതലായിരിക്കും. കോവിഡ് കാലത്ത് പലരും വീടുകളിൽ കൂടുതലായി സമയം ചെലവഴിച്ചപ്പോൾ സമ്മർദം കൂടുകയും ഇത്തരം ശീലങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്


