ആസ്പിരിന് കൃഷിയിൽ എന്തെങ്കിലും കാര്യമുണ്ടോ? | പ്രമോദ് മാധവൻ

പതിറ്റാണ്ടുകൾ കൊണ്ട് കാർഷിക ഗവേഷകർക്ക് ഭേദമാക്കാൻ പറ്റാത്ത പല മ്യാരക രോഗങ്ങളെയും ‘ഇപ്പൊ ശര്യാക്കി തരാം ‘എന്ന് പറഞ്ഞ് ഹോമിയോ അടക്കമുള്ള ശാഖകളിൽ നിന്നും മരുന്നുകൾ ഇറങ്ങുന്ന കാലമാണല്ലോ?
ലോക നാളീകേരകൃഷിയെത്തന്നെയും ഗ്രസിച്ചിരിക്കുന്ന കാറ്റ് വീഴ്ച(Root Wilt ) രോഗത്തെപ്പോലും (Mycoplasma Like Organisms, MLOs ആണ് അതിന് കാരണം എന്നാണ് ശാസ്ത്രനിഗമനം )ഒരു രൂപയുടെ ഹോമിയോ മരുന്ന് കൊണ്ട് ഭേദമാക്കുന്ന സിദ്ധന്മാർ ഉള്ളപ്പോൾ കേരളത്തിലെ കേരകർഷകർ എന്തിന് ഭയക്കണം?
കാർഷിക കോളേജുകളിൽ Agricultural Homoeopathy എന്ന ഒരു ഡിപ്പാർട്മെന്റ് കൂടി തുടങ്ങണം എന്നാണ് എന്റെ പക്ഷം.
വൃക്ഷായുർവേദപ്രകാരമുള്ള കൂട്ടുകളും രാസ കീട-കുമിൾ നാശിനികളും വ്യാപകമായി ഉപയോഗിക്കുമ്പോൾ ഹോമിയോ മരുന്നുകൾക്കും ഫല സിദ്ധി ഉണ്ടാകില്ല എന്നാരുകണ്ടു?
പക്ഷെ ‘ആണ്ടി വല്യ അടിക്കാരൻ ആണെന്ന് ആണ്ടി തന്നെ അങ്ങ് പറഞ്ഞാൽ പോരല്ലോ?അത് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ തെളിയിക്കണ്ടേ?
അല്ലാതെ കാണാമറയത്തിരുന്ന് മനുഷ്യന്റെ പരിഭ്രാന്തി ചൂഷണം ചെയ്ത് കച്ചോടം നടത്തുകയല്ല വേണ്ടത്.
അതല്ല നമ്മുടെ ഇന്നത്തെ വിഷയം
ഇന്നത്തെ വിഷയം ആസ്പിരിനും കൃഷിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നതിനെക്കുറിച്ചാണ്.
ലോകത്ത് ഒരു കൊല്ലം നാല്പതിനായിരം ടൺ ആസ്പിരിൻ കഴിക്കപ്പെടുന്നുണ്ട്.
ഏതാണ്ട് പന്ത്രണ്ടായിരം കോടി ടാബ്‌ലെറ്റുകൾ!!
Acetyl Salicylic Acid.. അതത്രെ Aspirin.
Anti thrombotic അഥവാ രക്തം കട്ടപിടിക്കാതിരിക്കാൻ(Blood thinner ) സഹായിക്കൽ ആണ് പണി.
രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ തമ്മിൽ ഒത്ത് പിണഞ്ഞു വരുമ്പോഴാണല്ലോ രക്തം കട്ട പിടിക്കുന്നത്. Aspirin അവർ (platelets ) തമ്മിൽ തമ്മിൽ ചേരുന്നതിനെ തടയും. അപ്പോൾ ധമനികളിൽ blood clots ഉണ്ടാകില്ല. ഹൃദയാഘാതം ഉണ്ടാകാതിരിക്കാൻ ഉള്ള ഒരു വഴിയായി ഈ ഗുളികകൾ ശുപാർശ ചെയ്യപ്പെടുന്നു.
NSAID( Non Steroidal Anti -Inflammatory Drug )വിഭാഗത്തിൽ പെടുന്ന പ്രധാന മരുന്നാണ് ആസ്പിരിൻ. നല്ല ഒരു വേദനാസംഹാരി കൂടിയാണ്.ആയതിനാൽ തലവേദനയ്ക്കും മറ്റും വ്യാപകമായി ഇത് കഴിക്കപ്പെടുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ അത് ലഭ്യവുമാണ്.
ആധുനിക ശാസ്ത്രം പുരോഗമിക്കുന്നതിനും എത്രയോ മുൻപ് തന്നെ മനുഷ്യൻ Salicylic acid ന്റെ വേദനസംഹാര ശേഷി മനസ്സിലാക്കിയിരുന്നു എന്നറിഞ്ഞാൽ നമ്മൾ അത്ഭുതപ്പെടും. വില്ലോ(Willow ) മരത്തിന്റെ തൊലി തിളപ്പിച്ച്‌ വെള്ളം കുടിച്ചാൽ ശരീര വേദന കുറയും എന്നവർ മനസ്സിലാക്കിയിരുന്നു.
Salix എന്നാണ് വില്ലോ മരത്തിന്റെ ജെനുസിന്റെ പേര്. വില്ലോ മരത്തിന്റെ തൊലിയിൽ സ്വാഭാവികമായി Salicylic acid ഉണ്ട്.അതിൽ നിന്നും(Salix) ഉരുവം കൊണ്ടതിനാൽ
സാലിസിലിക് ആസിഡ് എന്ന് പേരും കിട്ടി .
പൊതുവിൽ ചെടികൾ പീഡകൾ (stress )അനുഭവിക്കുമ്പോൾ (വരൾച്ച, മൂലക ദൗർലഭ്യം, കീട-രോഗ ബാധകൾ മുതലായവ മൂലം )അവയുടെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ (defence mechanism ) ഭാഗമായി ചെടികളിൽ salicylic acid ഉണ്ടാകുന്നു എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കിൽ സാക്ഷാൽ ആസ്പിരിൻ (Acteyl Salicylic acid ) തന്നെ നേർപ്പിച്ച് ഇലകളിൽ തളിച്ചാൽ ചെടികൾക്ക് കൂടുതൽ പ്രതിരോധ ശേഷി കിട്ടുമെന്നാണ് തക്കാളിയിൽ നടത്തിയ പരീക്ഷണങ്ങളിൽ കാണുന്നത്.
അത് പോലെ തന്നെ ആസ്പിരിൻ ലയിപ്പിച്ച വെള്ളത്തിൽ വിത്തുകൾ കുതിർത്ത് മുളപ്പിച്ചാൽ അവയ്ക്കു പ്രതിരോധ ശേഷിയും മുള ശേഷിയും കൂടുമെന്നും കാണുന്നു.
ചില തരം വെട്ടു പൂക്കളിൽ (cut flowers) പൂക്കളുടെ ആയുസ് (vase life )കൂട്ടാൻ അത് മുക്കി വയ്ക്കുന്ന വെള്ളത്തിൽ ആസ്പിരിൻ ഗുളിക കലർത്തുന്ന പതിവും ഉണ്ട്.
നടത്തിയ പരീക്ഷണങ്ങളിൽ 250mg -500mg tablet ഏതാണ്ട് നാലര ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയാണ് ഉപയോഗിച്ചത് എന്ന് കാണുന്നു.
ഏതായാലും ഈ വിഷയത്തിൽ കാർഷിക സർവ്വകലാശാല പഠനങ്ങൾ നടത്തുമെന്ന് പ്രത്യാശിക്കാം. അധികമായാൽ അമൃതും വിഷം എന്ന് പറയുന്ന പോലെ അളവിൽ കൂടിയാൽ അത് ഇലകളിൽ കരിച്ചിൽ ഉണ്ടാക്കാനും സാധ്യത ഉണ്ട്.

പ്രമോദ് മാധവൻ

Leave a Comment

Your email address will not be published. Required fields are marked *