ഈ പോക്ക് പോയാൽ തോവാള കുത്തുപാളയെടുക്കും… – പ്രമോദ് മാധവൻ | Pramod Madhavan

IMG 20230812 WA0050 1024x680

ഇക്കൊല്ലത്തെ ഓണത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ, അത്തപ്പൂക്കളങ്ങളിൽ നിറയാൻ പോകുന്ന ചെണ്ടുമല്ലിപ്പൂക്കളിൽ വലിയൊരു പങ്ക് ‘മെയ്ഡ് ഇൻ കേരള ‘ആയിരിക്കും എന്നതാണ്.
IMG 20230812 WA0050

 മുൻവർഷങ്ങളിലും ഈ ഒരു ട്രെൻഡ് ഉണ്ടായിരുന്നെങ്കിലും ഇത്തവണ വ്യാപകമായി പല ജില്ലകളിലും ഒറ്റയ്ക്കും കൂട്ടായും കർഷകർ പൂക്കൃഷി ചെയ്യാൻ തുടങ്ങി.
 കേരളത്തിലേക്ക് സ്ഥിരമായി പൂക്കൾ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.
 മഴയായാലും മഞ്ഞായാലും വേനലായാലും പൂക്കൾ ഇവിടേയ്ക്ക് നിർബാധം എത്തും.അതിൽ പ്രധാനി തമിഴ്നാട്ടിലെ തോവാളയാണ്.
ഒരിക്കൽ കേരളത്തിന്റെ ഭാഗമായിരുന്നു തോവാള. തിരുവിതാംകൂർ രാജവംശത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു, ഇന്ന് കന്യാകുമാരി ജില്ലയിലെ തോവാള, കൽക്കുളം, വിളവൻകോട് , അഗസ്തീശ്വരം എന്നീ പ്രദേശങ്ങൾ.1956ലെ State Reorganization Act പ്രകാരം അവ കേരളത്തിന്‌ എന്നേക്കുമായി നഷ്ടമായി. പക്ഷെ അവിടുത്തെ മൂവായിരത്തോളം വരുന്ന കുടുംബങ്ങളുടെ അന്നം പൂകൃഷിയാണ്, അന്നദാതാക്കൾ മലയാളികളും.
 തിരുവനന്തപുരം വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങളിലേക്ക് വരെ പൂക്കൾ കയറി പോകുന്നു. കേരളത്തിൽ നടക്കുന്ന ഓരോ വിവാഹങ്ങളിലും കേരളത്തിലെ നവദമ്പതിമാരുടെ മണിയറകളിലും തോവാളയിലെ കർഷകരുടെ വിയർപ്പിന്റെ ചൂര് അന്തർലീനമാണ്.
നാഗർകോവിൽ -തിരുനെൽവേലി ദേശീയപാതയിലെ ആരുവായ്മൊഴി ചുരവും കടന്ന് ചെല്ലുമ്പോൾ തോവാളയായി.
 പുലിവാൽ കല്യാണം എന്ന സിനിമയിൽ ‘ബോംബെയിൽ നിന്നും ടാക്സി പിടിച്ച് വരുന്ന സലിം കുമാറിന്റെ മണവാളൻ എന്ന കഥാപാത്രം കൊച്ചി എത്തുമ്പോൾ, മൂക്കിൽ കൊച്ചിയുടെ ‘മാദകസുഗന്ധം’ അടിക്കുമ്പോൾ പെട്ടെന്ന് ഞെട്ടിയുണർന്ന് ‘കൊച്ചിയെത്തി ‘എന്ന് പറയുന്നത് പോലെ തോവാള എത്തുമ്പോൾ ആരും പറയാതെ തന്നെ ‘അവിടെ ‘ എത്തി എന്ന് നമുക്ക് മനസ്സിലാകും. അരളിയും ബന്ദിയും മുല്ലയും പിച്ചിയും തുളസിയും വാടാമല്ലിയും കൊളുന്തും ഒപ്പം വിവിധ സ്ഥലങ്ങളിൽ (ഡിണ്ഡിഗൽ, മധുര മുതലായ )നിന്നും എത്തുന്ന റോസ, കനകാംബരം, താമര എന്നിവയെല്ലാം കൂടി തീർക്കുന്ന മാരിവിൽ പ്രപഞ്ചം നമുക്ക് അവിടെ എവിടെയും കാണാം. ഒപ്പം പാടങ്ങൾക്ക് നടുവിൽ തല ഉയർത്തി നിൽക്കുന്ന കൂറ്റൻ കാറ്റാടി യന്ത്രങ്ങളും.അവിടുത്തെ കാവൽ കിണർ, കുമാരപുരം, ആരുവായ് മൊഴി എന്നീ ഗ്രാമങ്ങളിൽ ആണ് പൂകൃഷി കൂടുതൽ. അവിടുത്തെ പ്രസിദ്ധമായ മുരുകൻ ക്ഷേത്രത്തിൽ ഒക്ടോബർ -നവംബർ മാസങ്ങളിൽ നടക്കുന്ന ‘ശൂരസംഹാരം ‘ഉത്സവം വളരെ പേര് കേട്ടതാണ്.
IMG 20230812 WA0011

 രാവിലെ രണ്ട് മണിമുതൽ തോവാള ചന്ത സജീവമാകും. അവിടെ നിന്നും പൂക്കൾ വിവിധ കൈകൾ മറിഞ്ഞു നമ്മുടെ വിവാഹ -ക്ഷേത്ര നഗരികളിൽ എത്തും.അരളി, വാടാമല്ലി, ബന്ദി എന്നീ പൂക്കൾ പനവട്ടി കണക്കിനാണ് വില. മുല്ല, പിച്ചി, കനകാംബരം, തുളസി എന്നിവ കിലോ കണക്കിനും.
കേരളത്തിൽ ഇത്തവണ വാണിജ്യാടിസ്ഥാനത്തിൽ ബന്ദിപ്പൂ കൃഷി ചെയ്തവർ ധാരാളമുണ്ട്.
അതിൽ ശ്രദ്ധേയമായ ഒരു ഇടപെടൽ തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിലാണ്. അവിടുത്തെ കാതോട് വാർഡിലെ ഇ.എം.എസ് അക്കാഡമിയ്ക്കടുത്ത് കടമ്പ് എസ്റ്റേറ്റിലെ അഞ്ചേക്കർ സ്ഥലത്ത് ഇപ്പോൾ പോയാൽ വിളവെടുപ്പ് കാത്തിരിക്കുന്ന ബന്ദിപ്പൂപ്പാടം കാണാൻ കഴിയും.
കൃഷി ഓഫീസർ ജയദാസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലില്ലി മോഹൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, കൃഷി അസിസ്റ്റന്റ്മാർ, വാർഡ് മെമ്പർ തുടങ്ങിയവരുടെ ഒരു ടീം വർക്കിന്റെ ഉത്പന്നമാണ് ആ പൂന്തോട്ടം.
IMG 20230812 WA0014

 തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ സ്ഥലം ഒരുക്കി കൃഷി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ, ബാംഗ്ലൂർ, East West Seed Company എന്നിവരുടെ മികച്ച സങ്കരയിനങ്ങൾ ആണ് അവിടെ പൂത്തുലഞ്ഞു നിൽക്കുന്നത്.
 തൈകൾ ഉണ്ടാക്കി നൽകിയത് പള്ളിച്ചൽ ബ്ലോക്ക് നഴ്സറിയും മലയിൻകീഴ് കൃഷിഭവനുമാണ്.
 നിരവധി വെല്ലുവിളികൾ അവർക്ക് നേരിടേണ്ടി വന്നു. മയിലുകൾ, മുള്ളൻ പന്നി, കീരികൾ എന്നിവ പലവട്ടം ശല്യം ചെയ്തു. ബാക്റ്റീരിയൽ വാട്ടം പല സമയത്തും വില്ലനായി. അതിനെയൊക്കെ തരണം ചെയ്ത് ഓഗസ്റ്റ് പതിനഞ്ചിന് കേരളത്തിന്റെ ധനകാര്യമന്ത്രി പൂക്കൾ വിളവെടുത്ത് ഉത്ഘാടനം ചെയ്യുമ്പോൾ വാണിജ്യപൂകൃഷി ഇവിടെയും സാധ്യമാണ് എന്ന സന്ദേശമാണ് കർഷകസമൂഹത്തിന് നൽകുന്നത്.
പക്ഷെ കേരളത്തിന്‌ ഓണക്കാലത്തേക്ക് മാത്രമല്ല പൂക്കൾ വേണ്ടത് എന്നും വർഷം മുഴുവനും വേണം എന്നും മനസ്സിലാക്കി ഉത്പാദനം ആസൂത്രണം ചെയ്യേണ്ടതുണ്ട്. അടുത്തതായി ഇത് നല്ല വിലയ്ക്ക് വിപണനം നടത്തേണ്ടതുണ്ട്.
 ചെലവേറിയതാണ് ചെണ്ടുമല്ലി കൃഷി. ഒരു സങ്കരയിനം വിത്തിന് 2-3 രൂപ വിലയുണ്ട്. ഒരു സെന്റിലേക്കു 100-150 ചെടികൾ വേണം. നിലമൊരുക്കലും വളപ്രയോഗവും പൂ പറിക്കലും ഒക്കെ ചേരുമ്പോൾ ഒരു ഹെക്റ്ററിൽ ലക്ഷങ്ങൾ ഇറങ്ങും. അത്‌ തിരിച്ചു് പിടിക്കാൻ കർഷകർക്ക് കഴിയണം.
കേരളത്തിൽ ഓണം കറുത്താൽ തോവാളയുടെ മടിശീല വെളുക്കും. അവിടെ ഇരുൾ പരക്കും. ഇത്തവണത്തെ നമ്മുടെ ചെണ്ടുമല്ലി കൃഷി തോവാളയുടെ സമ്പദ് വ്യവസ്ഥയിൽ ചലനങ്ങൾ ഉണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണാം.
വാൽ കഷ്ണം :ഭക്ഷ്യ ഇതര വിളകളുടെ കൃഷിയ്ക്കായി കേരളത്തിന്റെ പരിമിതമായ കൃഷിയിടങ്ങൾ താൽക്കാലികമായെങ്കിലും മാറ്റപ്പെടുമ്പോൾ അത് പ്രാദേശിക പച്ചക്കറി ലഭ്യതയിൽ വരുത്തുന്ന മാറ്റങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്.
 ഇപ്പോൾ ജൂൺ -ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ പൊതുവേ പച്ചക്കറികൾക്ക് വിലക്കയറ്റം ഉണ്ടാകുന്നുണ്ട്.വിപണിയിലെ ലഭ്യത കുറവാണ് അത് കാണിക്കുന്നത്.
സമൃദ്ധമായ സൂര്യപ്രകാശം കിട്ടുന്ന, ജലസേചിതമായ കൃഷിയിടങ്ങളിൽ വാണിജ്യ പൂകൃഷി നടത്തുമ്പോൾ കിട്ടുന്ന വരുമാനം പച്ചക്കറി കൃഷിയുടെ ലാഭക്കണക്കുമായി ഒത്തുനോക്കേണ്ടതുണ്ട്.
 വലിയ വില വരുന്ന സങ്കരയിനം ചെണ്ടുമല്ലിവിത്തുകൾക്ക് ബദലായി കേരള കാർഷിക സർവ്വകലാശാല കർഷകർക്ക് താങ്ങാവുന്ന വിലയിൽ സങ്കര ഇനങ്ങൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
‘വലിയവന്റെ **പ്പാണ് എളിയവന്റെ പിഴപ്പ് ‘ എന്നോ മറ്റോ ഏതൊ സിനിമയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്. ആയതിനാൽ നമ്മളിൽ വലിയവരും ചെറിയവരും ഈ ഓണക്കാലത്ത് നമ്മുടെ കർഷകർ വിളയിച്ച ചെണ്ടുമല്ലിപ്പൂക്കൾ അല്പം നല്ല വില കൊടുത്ത് തന്നെ വാങ്ങി സഹായിക്കുക.ജാതി മതഭേദമന്യേ പൂക്കളങ്ങൾ ഇടുക. അങ്ങനെയല്ലേ ഇവരെ ഒക്കെ സഹായിക്കേണ്ടത്?
പൂക്കൃഷി വാണിജ്യാ ടിസ്ഥാനത്തിൽ ചെയ്യാൻ മുന്നിട്ടിറങ്ങിയ എല്ലാ കർഷകർക്കും കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും ജന പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
 വിളപ്പിൽ പഞ്ചായത്തിൽ ബന്ദിപ്പൂക്കൾ വിളയിച്ച കൃഷി ഓഫീസർ ജയദാസിനും ടീമിനും പ്രത്യേകം അനുമോദനങ്ങൾ. പൂക്കൾ അഡ്വാൻസായി ബുക്ക്‌ ചെയ്യേണ്ടവർക്കായി ജയദാസിന്റെ നമ്പർ ഇതോടൊപ്പം നൽകുന്നു.
✍🏻 പ്രമോദ് മാധവൻ

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *