കർഷകർ പൊതുവേ രണ്ടു തരം.
ശുഭനും (ശുംഭൻ അല്ല 🤪) അശുഭനും.
ശുഭൻ Optimistic ആണ്. എല്ലാ കാര്യങ്ങളും ഒത്ത് വരാൻ കാത്ത് നിൽക്കില്ല. യഥാസമയം വിളയിറക്കും.
‘കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം’.
മറ്റേയാൾ (അശുഭൻ, Pessimistic ) എപ്പോഴും ഒഴിവ് കഴിവുകൾ പറഞ്ഞു കൊണ്ടിരിക്കും.
ഉദാഹരണത്തിന് ‘എന്താ രാമാ.., ഓണത്തിന് വിളവെടുക്കാൻ പച്ചക്കറിയൊക്കെ നട്ടോ “എന്ന് ചോദിച്ചാൽ “ഈ മുടിഞ്ഞ മഴയത്ത് എങ്ങനെ കൃഷി ഇറക്കാനാണ്? “എന്ന് പറഞ്ഞേക്കും.
ഇതേ രാമനോട് മകര മാസത്തിൽ വിഷുവിന് വിളവെടുക്കാൻ വെള്ളരി ഇടേണ്ടേ എന്ന് ചോദിച്ചാൽ “ഈ നശിച്ച വേനലിൽ എങ്ങനെ കൃഷിയിറക്കാനാണ്?” എന്ന് പറയും.
കഷ്ടകാലത്തിന് കേരളത്തിൽ 6 മാസം മഴയും 6 മാസം മഴയില്ലായ്മമാണ്. അപ്പോൾ പിന്നെ രാമന്റെ കൃഷി നടക്കില്ല.
അതുകൊണ്ട് പെരുമഴ വരുന്നതിനു മുൻപ് ഓണത്തിനുള്ള കൃഷി തുടങ്ങാം.
മുളകിനെ പോലെ വഴുതനയ്ക്കും ശുഭകാലം തന്നെ
മെയ് മാസം.
വസന്ത കാലത്തിന്റെ അന്ത്യം .
Dr. ശ്രീവത്സൻ J മേനോൻ ചേട്ടൻ (വെള്ളായണി കാർഷിക കോളേജിൽ സീനിയർ ആയിരുന്നു. ഇപ്പോൾ പേര് കേട്ട ഗായകൻ, ഗ്രാമ വൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിലെ നായകൻ )പാടിയ പാട്ടിലെ ‘മെയ്മാസമേ, നിൻ നെഞ്ചിലെ പൂവാക പൂക്കുന്നതെന്തേ’ എന്ന് ആരും പാടിപ്പോകുന്ന കാലം. നാട്ടിൽ ഗുൽമോഹർ മരങ്ങൾ ഇപ്പോൾ പൂത്ത് നിൽക്കുന്നുണ്ട്.
*കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി* എന്ന് വിവരമുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്.
മഴയെ ആശ്രയിച്ചു കൃഷി ഏപ്രിൽ -മെയ് (മീനം -മേടം) മാസങ്ങളിൽ കൃഷി തുടങ്ങിയില്ലെങ്കിൽ മരുത് പൂക്കുമ്പോൾ (ചിങ്ങം -കന്നി മാസം ) പട്ടിണി തന്നെ.
( അത് അന്തക്കാലം. രണ്ട് രൂപയ്ക്ക് അരി സുലഭമായി കിട്ടുന്ന ഇക്കാലത്ത് എന്ത് പട്ടിണി )
അപ്പോൾ ഒരുപാട് ഡെക്കറേഷൻ ഇല്ലാതെ കാര്യം പറയാം.
വഴുതന തൈകൾ പറിച്ചു നടാൻ സമയമായി.
ആരാ വഴുതന?
ചിലർ കത്തിരിക്ക എന്നും പറയും.
നീണ്ട കായ്കൾ വഴുതന, ഉരുണ്ടതു കത്തിരി. തെറ്റാണെങ്കിൽ തിരുത്തണം. ഇംഗ്ലീഷിൽ രണ്ടാളും Solanum melongena തന്നെ. Solanaceae തറവാട്ടിലെ അംഗങ്ങൾ.
ദക്ഷിണേന്ത്യയിലെ ‘ശമയലറ’ കളിൽ താരമാണ് വഴുതന. സാമ്പാറിലും അവിയലിലും തീയലിലും ‘തലപ്പാക്കെട്ട്’ ബിരിയാണിയുടെ കറിയായും താരമാണ് വഴുതന.
പോഷക ഗുണങ്ങളും അങ്ങനെ തന്നെ. ഫ്രീ റാഡിക്കൽസിനെ തുരത്തും ഇതിലുള്ള Chloragenic Acid.
ശരീരത്തിൽ അധികമുള്ള ഇരുമ്പിനെ വലിച്ചു വൃത്തിയാക്കുന്ന Nasunin എന്ന Phytochemical ലാൽ സമൃദ്ധം.
Diabetic ആകട്ടെ Heart disease ആകട്ടെ അതിനുള്ള മരുന്ന് വഴുതനക്കറി തന്നെ.
‘അന്നം തന്നെ ഭക്ഷണം’.
പക്ഷെ വഴുതന അധികമായാൽ ഇരുമ്പ് ശരീരത്തിൽ നിന്നും വലിഞ്ഞു പുറത്ത് പോകുമത്രേ..കിഡ്നി സ്റ്റോൺ, gall bladder stone ഉള്ളവരും വഴുതന മിതമായി മാത്രം കഴിക്കണം.
ഇനങ്ങൾ…. അമ്പമ്പോ വഴുതനയിൽ ഉള്ള അത്ര ഇനങ്ങൾ വേറെ ഏതെങ്കിലും പച്ചക്കറിയ്ക്ക് ഉണ്ടോ എന്ന് സംശയം.
പച്ച, വെള്ള, വയലറ്റ്, വരയുള്ളത് , വരയില്ലാത്തത് , ഉരുണ്ടത് , നീണ്ടത് എന്ന് വേണ്ട….
കാർഷിക സർവ്വ കലാശാലയുടെ തറവാട്ടിൽ നിന്നും
സൂര്യ (ഉരുണ്ട 100ഗ്രാം തൂക്കം വരുന്ന വയലറ്റ് കായ്കൾ )
ശ്വേത( ഇളം പച്ച നിറത്തിൽ ഉള്ള 50ഗ്രാമിൽ താഴെ തൂക്കം ഉള്ള കായ്കൾ ),
ഹരിത (നീണ്ട വലിയ പച്ചകായ്കൾ )
സങ്കരി (Hybrid ) ആയ 175 ഗ്രാമോളം വരുന്ന തിളങ്ങുന്ന വയലറ്റ് നിറമുള്ള നീലിമ.
ഭൗമ സൂചികാ പദവി ലഭിച്ച വലിയ ചുണ്ടക്ക പോലെയുള്ള അതീവ രുചിയുള്ള മാട്ടുഗുള്ള വഴുതന അഥവാ ഉഡുപ്പി വഴുതന
നീളമുള്ള വേങ്ങേരി വഴുതന
ഗുൽഷൻ, പുസ പർപ്പിൾ ലോങ്, പൂസാ പർപ്പിൾ റൗണ്ട്, അർക്ക നവനീത്, അർക്ക നീലകണ്ഠ, Mahyco യുടെ നിഖിൽ, നീലം… അങ്ങനെ ഒത്തിരി.
മാർക്കറ്റിൽ വയലറ്റ് കായ്കൾക്ക് അല്പം പ്രിയം കൂടും.
Bacterial വാട്ടം ജന്മസിദ്ധം. ആയതിനാൽ മണ്ണ് കിളച്ചൊരുക്കുമ്പോൾ സെന്റിന് 3 കിലോ കുമ്മായം /ഡോളമൈറ്റ് നിർബന്ധം. കുമ്മായം ചേർത്ത് മണ്ണ് രണ്ടാഴ്ച ഇളക്കി ഇടണം.
(പലരും വാട്ടരോഗം വന്നതിന് ശേഷമാണ് അതിന് പ്രതിവിധി തേടുന്നത്. അതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ മറന്നു പോകും. ഇനി എല്ലാം ചെയ്താൽ തന്നെ Ralstonia എന്ന ബാക്റ്റീരിയ മണ്ണിൽ ഒളിഞ്ഞിരിക്കുന്നു എങ്കിൽ പ്രാർത്ഥിക്കുക മാത്രമേ വഴിയുള്ളൂ.)
‘പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതു ബന്ധനോദ്യോഗമെന്തെടോ?’ എന്ന് കലി പുഷ്കരനോട് മൊഴിഞ്ഞ പോലെ..)വെള്ളം ഒഴുകിപ്പോയിട്ട് അണ കെട്ടിയിട്ട് ഒരു കാര്യവുമില്ല ഉത്തമാ…
അടിവളമായി ട്രൈക്കോഡെർമയും വേപ്പിൻ പിണ്ണാക്കും ചേർന്ന അഴുകി പൊടിഞ്ഞ ചാണകപ്പൊടി നിർബന്ധം.
നട്ട് കഴിഞ്ഞാൽ രണ്ടാഴ്ച കൂടുമ്പോൾ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണസ് കലക്കി തടം കുതിർക്കണം.
ഈ LTP (Liming, Trichoderma, Pseudomonas )പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ ജപ്തി. പാലിച്ചാൽ സ്വസ്തി.











