ജൈവകൃഷിക്ക് മണ്ണൊരുക്കാം

WhatsApp20Image202022 12 2020at206.39.1620PM 1024x576
WhatsApp20Image202022 12 2020at206.39.1620PM

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധവേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം.

മണ്ണൊരുക്കല്‍

തുലാവര്‍ഷം കഴിഞ്ഞ് നനഞ്ഞുകുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി വാരമെടുത്ത് ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലുകൊള്ളിക്കണം. കട്ടയെല്ലാമുടച്ച് നല്ല പൊടിയാക്കിയ മണ്ണില്‍ കരിയില കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കഴിഞ്ഞ ചാരം മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. 

കരിയില മണ്ണിന് മുകളിലിട്ട് കത്തിക്കുമ്പോള്‍ ബോറന്‍പുഴു പോലുള്ള ചെടിയുടെ തണ്ടുതുരക്കുന്ന പുഴുക്കളും മറ്റ് ശത്രുകീടങ്ങളും നശിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് മഞ്ഞളിപ്പും ഇലവാട്ടവും വരുത്തിവെക്കുന്ന ബാക്ടീരിയകളും ഫംഗസും നിര്‍വീര്യമാകുകയും ചെയ്യും.

തടമെടുക്കല്‍

നന്നായി ഉണക്കി ഇലകത്തിച്ച് ചാരം കലര്‍ത്തിയ മണ്ണില്‍ തടമെടുക്കേണ്ടതിന് നിശ്ചിത രീതിയുണ്ട്. വെണ്ട, പയര്‍, ചീര എന്നിവയ്ക്ക് രണ്ടടി വീതിയിലും ഒരടി ഉയരത്തിലുമുള്ള നീളന്‍ തടമാണെടുക്കാറ്. നീര്‍വാര്‍ച്ചയും ജൈവവളത്തിന്റെ പൂര്‍ണതോതിലുള്ള വലിച്ചെടുക്കലിനും പുതയിടാനും ഇങ്ങനെ വാരമെടുക്കുന്നത് സഹായിക്കും. 

പടവലം, കയ്പ, ചുരങ്ങ, അമര എന്നിങ്ങനെ നല്ല ജലാംശം എല്ലായ്‌പ്പോഴും തടത്തില്‍ നിര്‍ത്തേണ്ട പച്ചക്കറികള്‍ക്ക് വട്ടത്തിലോ ചതുരത്തിലോ തടമെടുക്കാം. പരമാവധി നാല് തൈകള്‍ നിലനിര്‍ത്തി വളര്‍ത്താനനുയോജ്യമായ വിസ്താരമാണ് തടത്തിനുവേണ്ടത്.

ആനക്കൊമ്പന്‍ വെണ്ട, വഴുതിന എന്നിവയ്ക്ക് മണ്ണ് കൂമ്പാരംകൂട്ടി വലിയ തടമെടുക്കണം. ചീര, തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയ്ക്ക് മണ്ണ് നന്നായി പൊടിയാക്കണം. ഇതിന് നീളത്തില്‍ അരയടി ഉയരത്തില്‍ വാരമെടുക്കണം.

വളം ചേര്‍ക്കല്‍

വേനല്‍ക്കാല പച്ചക്കറികൃഷിക്ക് ചാണകം, കോഴിക്കാഷ്ഠം, ആട്ടിന്‍കാഷ്ഠം, ജൈവ സ്‌ളറി, മണ്ണിരക്കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയിലേതെങ്കിലും ഒന്ന് സെന്റിന് 50 കിലോഗ്രാം എന്നതോതില്‍ മണ്ണില്‍ നന്നായി ചേര്‍ക്കണം. വിത്ത് നടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് സെന്റൊന്നിന് മൂന്ന് കിലോ കുമ്മായം ചേര്‍ത്തുകൊടുക്കുന്നത് മണ്ണിലെ അമ്‌ളത്വം കുറയ്ക്കും. ജൈവവളം ചേര്‍ക്കുന്നതിനുമുമ്പ് 10 ഗ്രാം ട്രൈക്കോഡര്‍മയോ ഒരു കിലോ സ്യൂഡോ മോണസോ ചേര്‍ക്കണം. 

വേപ്പിന്‍പിണ്ണാക്ക്, ആവണക്കിന്‍പിണ്ണാക്ക് എന്നിവ സെന്റൊന്നിന് അഞ്ച് കിലോഗ്രാം എന്നതോതില്‍ ചേര്‍ക്കാം. സൂര്യതാപമേല്‍പ്പിച്ച് നന്നായി പൊടിയാക്കിയ മണ്ണ്, ഇളക്കിച്ചേര്‍ത്ത ജൈവവളം എന്നിവയാണ് മണ്ണൊരുക്കലില്‍ പ്രധാനം. വിത്തുനടുന്ന മേല്‍ഭാഗം തടം കൃത്യമായി പൊടിമണ്ണായിരിക്കണം. എന്നാലേ വിത്ത് മുളച്ച് പൊന്തിവരൂ.

വിത്ത് മുളച്ചശേഷം മേല്‍വളമായി, താഴെപ്പറയുന്നവയിലൊന്ന് ചേര്‍ക്കണം. ബയോഗ്യാസ് സ്‌ളറിയോ, ചാണകമോ 250 ഗ്രാം നാലുലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, കടലപ്പിണ്ണാക്ക് 500 ഗ്രാം പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, വെര്‍മിവാഷ്, ഗോമൂത്രം, എന്നിവയിലേതെങ്കിലുമൊന്ന് രണ്ട് ലിറ്റര്‍ എട്ട് ഇരട്ടി വെള്ളവുമായി ചേര്‍ത്തത്. 

നാലുകിലോഗ്രാം മണ്ണിരക്കമ്പോസ്റ്റ്, അല്ലെങ്കില്‍ കോഴിക്കാഷ്ഠം എന്നിവ സെന്റൊന്നിന് 10 കിലോഗ്രാം എന്നിങ്ങനെ ചേര്‍ത്ത് ജൈവകൃഷി സമ്പുഷ്ടമാക്കാം.

Leave a Comment

Your email address will not be published. Required fields are marked *