ചിറ്റാർ: കോന്നി ഫിഷ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കക്കി ഡാമിലെ കൂട് മത്സ്യകൃഷി ഹിറ്റായി. ആറു മീറ്റർ ആഴവും നാലു മീറ്റർ വീതിയും നീളവുമുള്ള 100 കൂടുകൾ സ്ഥാപിച്ചാണ് മത്സ്യകൃഷി നടത്തുന്നത്. ആദിവാസി കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏതാണ്ട് 100 ആദിവാസി കുടുംബങ്ങൾക്ക് ഇത് മൂലം ജോലി കിട്ടും. ദിവസവും എഴുപേർ ആണ് ജോലി ചെയ്യുന്നത്. ഷിഫ്റ്റ് അനുസരിച്ചാണ് ജോലി. മീനുകൾക്ക് മൂന്നു നേരം തീറ്റ കൊടുക്കുകയും ഇവയുടെ മേൽനോട്ടവും പ്രധാനമായും ചെയ്യേണ്ടത്. 11 മാസമാണ് മീനുകളുടെ വിളവെടുപ്പ് കാലാവധി. നിലവിൽ മീനുകൾ വിളവെടുപ്പിന് പാകമായിരിക്കുകയാണ്.
ഒരു കൂട്ടിൽ 3500
മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി മത്സ്യ സംവദ്ധ യോജന എന്ന പദ്ധതി കക്കിയിലെത്തുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളിലാണ് പദ്ധതി നിലവിൽ ഉള്ളത്. തിരുവന്നംകുഴി, ബാണസുര, കക്കി, കോരിതോട് എന്നിവയാണവ. എല്ലാ പ്രദേശങ്ങളിലും ആദിവാസികളെ മുന്നിൽ കണ്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. നിലവിൽ ഇവിടെ 9000 അനബാസ് (കൈതക്കോര) മീനുകളും,1000 കരിമീനുകളും ആണ് ഉള്ളത്.
കൂടുതൽ തണുപ്പ് അതിജീവിക്കാൻ കഴിയുന്ന മീനുകൾ ആണ് കൃഷിക്ക് അനുയോജ്യം. അത്തരത്തിൽ ഉള്ള മീനുകളെ വളർത്താൻ കഴിയണം എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. കരിമീന് അതിജീവിക്കാൻ കഴിയാത്ത തണുപ്പാണ് കക്കിയിൽ ഉള്ളത്. ഇത് മീനുകളുടെ ജീവനെ തന്നെ ബാധിക്കും. ഉയർന്ന സാന്ദ്രതയുള്ള പൊളി എത്തിലിൻ ഗേജ് ആണ് മീൻ വളർത്തലിന്
ഉപയോഗിച്ചിരിക്കുന്നത്. ഇത് താരതമ്മ്യേന കടുപ്പം ഏറിയതാണ്. ഇതുപോലെയുള്ള 36 ഗേജുകൾ കൂട്ടിയോജിപ്പിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 10 എം എം, 20 എം എം, 40 എം എം എന്ന് തിരിച്ചിട്ടുണ്ട്. ചെറിയ മീനുകളെ ആദ്യം ഇടുന്നത് 10 എം എം ഗേജിൽ ആണ്. ഇവയ്ക്ക് വളർച്ച കൂടുമ്പോൾ 20 എം എം ഗേജിലേക്കും മറ്റും മാറ്റുന്നതാണ് രീതി.
മത്സ്യബന്ധനത്തിന് ആവശ്യമായ ബോട്ടും വലയും ലൈഫ് ജാക്കറ്റും വെളിച്ചവും ഫിഷറീസ് വകുപ്പാണ് ഉറപ്പാക്കുക. മത്സ്യം സംരക്ഷിക്കാനാവശ്യമായ കോൾഡ് സ്റ്റോറേജും ഐസ് പ്ലാന്റും വൈദ്യുതി വകുപ്പിന്റെ സഹരണത്തോടെ സ്ഥാപിക്കും. വിപണനത്തിന് മത്സ്യഫെഡ് ഫിഷ്സ്റ്റാളുകൾ ആരംഭിക്കും.


