വിജ്ഞാന നിറവിന്റെ വിളക്കുമാടം Vailathur Bava Musliyar

Vailathur Bava Musliyar



 വൈലത്തൂർ 

ബാവ മുസ്‌ലിയാർ (നമ):

Vailathur Bava Musliyar

 ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍ നിന്നാണ് ത്യാഗപൂര്‍ണമായ വിജ്ഞാന വഴിയിലേക്ക് ഉസ്താദ് കടന്നുവരുന്നത്. കൃഷിയും കന്നുപൂട്ടലും കാളവണ്ടിയുമൊക്കെയായി ജീവിതം തുടങ്ങിയ ബാവ ഉസ്താദ് ജീവിതസാഹചര്യങ്ങളും മത പഠന പ്രവര്‍ത്തനങ്ങളും തമ്മിലെ സംഘര്‍ഷങ്ങളുടെ മുഖം ഒരുപാട് കണ്ടു. ആ സന്ദര്‍ഭങ്ങളിലൊക്കെ ഓരോ ആത്മീയ പുരുഷന്മാര്‍ ഉസ്താദിനെ മുന്നോട്ട് നയിക്കാന്‍ വന്നു. ദര്‍സും കൃഷിയും ഒരുമിച്ചു കൊണ്ടുപോകാനാകാതെ തല്‍ക്കാലത്തേക്ക് ദര്‍സില്‍ നിന്ന് മാറിനിന്ന ഉസ്താദിനെ തിരിച്ചുകൊണ്ടുവന്നത് ആശിഖുർറസൂൽ കുണ്ടൂര്‍ ഉസ്താദാണ്. സഹപാഠിയായിരുന്നു കുണ്ടൂര്‍ ഉസ്താദ്.


 പിന്നീട് അധ്യാപനരംഗത്തായപ്പോള്‍ വീണ്ടും വീട്ടിലെ സാഹചര്യങ്ങള്‍ വഴിമാറ്റി. അന്ന് ഇടപെട്ടത് സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. കുണ്ടൂര്‍ ഉസ്താദ് നെല്‍വയലില്‍ നിന്നാണ് വിളിച്ചു കൊണ്ടുവന്നത്. എന്നാല്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വിളിച്ചുകൊണ്ടുവന്നത് വെറ്റില തോട്ടത്തില്‍ നിന്നാണ്.


ദീര്‍ഘകാലത്തെ അധ്യാപനം. നിരവധി ശിഷ്യന്മാര്‍. അതിനിടയില്‍ പള്ളി ദര്‍സില്‍ നിന്ന് ശരീഅത്ത് കോളജിലേക്ക് ഉസ്താദിനെ വിളിച്ചുകൊണ്ടുവന്നത് ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. ശോകഗീതങ്ങളിലൂടെ കാവ്യ പ്രപഞ്ചത്തിന്റെ വാതില്‍ തുറന്നുകൊടുത്തതാകട്ടെ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരും.


മുൻ കാല പണ്ഡിത വിശാരതരുടെ രചനകള്‍ക്കൊപ്പം വെക്കാവുന്ന തരത്തിലുള്ളവയാണ് ഉസ്താദിന്റെതും രചനകൾ. അവരുടെ ഗഹനമായ രചനകള്‍ പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ലളിതമാക്കുകയായിരുന്നു ഉസ്താദ് നിർവ്വഹിച്ച മഹനീയ ദൗത്യം.

വിവിധ വൈജ്ഞാനിക ശാഖകളിലുള്ള 65 കൃതികളില്‍ അഞ്ചെണ്ണം മാത്രമേ മലയാള ഭാഷയിലുള്ളൂ. ബാക്കി മുഴുവന്‍ അറബി ഭാഷയിലാണ്. ഇവയില്‍ പലതും ഇന്ത്യക്ക് പുറത്ത് നിന്ന് പ്രകാശിതമായതും. അര്‍ദ്ധ പ്രകാശിതവും വെളിച്ചം കാണാത്തതുമായ പത്തോളം കൃതികള്‍ ഇനിയുമുണ്ട്.


ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെ പേരറിയാമെങ്കില്‍ അത് ഏത് വര്‍ഷമാണ് രചിച്ചതെന്നറിയാന്‍ അബ്ജദ് സംഖ്യാശാസ്ത്രപ്രകാരം കൂട്ടി നോക്കിയാല്‍ മതി.  മൗലാനാ അഹ്മദ്‌കോ ശാലിയാത്തിയും ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി(റ)യും അനുവര്‍ത്തിച്ച രീതിയുടെ പിന്തുടര്‍ച്ച കൂടിയാണത്.

ബാവ ഉസ്താദിന്റെ ഗ്രന്ഥങ്ങള്‍, ജീവിതം, അധ്യാപനം ഇവയിലൊക്കെ ഗവേഷണ പഠനങ്ങളും ചര്‍ച്ചകളും നടത്തേണ്ടതുണ്ട്. അറബി കൃതികളുടെ മികച്ച ഭാഷാന്തരവും വരണം. എന്നാലേ ആ ജ്ഞാനധന്യന്‍ ത്യാഗം ചെയ്ത കാലത്തിന്ന് മുന്നോട്ട് ഒഴുകാനാവൂ.


തഖ്‌ലീദ്, കറാമത്ത് മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കര്‍മശാസ്ത്രം, ആരാധനാക്രമങ്ങള്‍, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യയുടെ വിശദീകരണമായ ‘അത്തല്‍മീഹ’്, ബദ്‌റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീര്‍ത്തിക്കുന്ന ‘മിഫ്താഉള്ളഫ്‌രി വല്‍മജ്ദി ബിത്തവസ്സുലി അഹ്‌ലില്‍ ബദ്‌രി വല്‍ഉഹ്ദി’ തുടങ്ങി അറബിയിലും മലയാളത്തിലുമായുള്ള ബാവ ഉസ്താദിന്റെ ഗ്രന്ഥങ്ങൾ ഇന്നും ഏറെ കൗതുകമാണ്.

മികച്ച രചനക്കുള്ള രണ്ട് അവാര്‍ഡുകള്‍ ബാവമുസ്‌ലിയാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കോടമ്പുഴ ദാറുൽ മആരിഫിന്റെ ഇമാം ഗസ്സാലി അവാര്‍ഡും, പുത്തനത്താണി റിസര്‍ച്ച് സെന്റര്‍ അവാര്‍ഡും.


തിരൂരിന് സമീപം താനാളൂരിലാണ് ബാവമുസ്‌ലിയാരുടെ ജനനം. പിതാവ് നന്തലയില്‍ സെയ്താലിക്കുട്ടി. മാതാവ് മങ്ങാട്ടയില്‍ ബീരാന്റെ പുത്രി കുഞ്ഞിക്കദിയ ഹജ്ജുമ്മ. നാട്ടിലെ ഓത്തുപള്ളിയില്‍ നിന്ന് മുഹമ്മദ് കുട്ടി മൊല്ലയുടെ കീഴില്‍ ഖുര്‍ആന്‍ പഠിച്ചു. അത്താണിക്കല്‍ ജി എല്‍ പി സ്‌കൂളില്‍ നിന്ന് അഞ്ചാം തരവും പാസായി. ചെലൂരില്‍ കരിങ്കപ്പാറ മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്നാണ് ദര്‍സ് പഠനത്തിന് തുടക്കം. 


എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുല്ല മുസ്‌ലിയാര്‍, കരുവള്ളി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കാപ്പാട് ഇബ്‌റാഹീം മുസ്‌ലിയാര്‍, തുരൂരങ്ങാട് ബാപ്പു മുസ്‌ലിയാര്‍ എന്നിവരാണ് മറ്റ് ഗുരുനാഥന്മാര്‍. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. തയ്യാലിങ്ങല്‍ മുദരിസായി ചേര്‍ന്ന് കൊണ്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷം തിരൂരങ്ങാടി വലിയ പള്ളിയിലേക്ക് മാറി. പിന്നീട് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ക്ഷണം സ്വീകരച്ച് വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍ മൂദരിസായി. 


ബാപ്പു മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് വളവന്നൂര്‍ വിട്ട് വെളിമുക്ക് ജുമുഅത്ത് പള്ളി ദര്‍സില്‍ ഒരു വര്‍ഷവും ചെമ്മങ്കടവ് ദര്‍സില്‍ ഒരു വര്‍ഷവും സേവനമനുഷ്ടിച്ചു. തുടര്‍ന്ന് പതിമൂന്ന് വര്‍ഷം ഓമച്ചപ്പുഴ ദര്‍സിലായിരുന്നു. അവിടം വിട്ട ശേഷം ഒ കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കോളജില്‍ ചേരുകയായിരുന്നു. മികച്ചൊരു സാഹിത്യകാരന്‍ കൂടിയായിരുന്നു ബാവ മുസ്‌ലിയാര്‍. 


2015 ജൂലൈ 10, 1436 റമളാന്‍ 23നാണ് ആ മഹാ പണ്ഡിതന്‍ ഈ ലോകത്തോട് വിടവാങ്ങിയത്. അറിവിന്റെ നിറകുംഭങ്ങളായ ഗ്രന്ഥങ്ങളും ഒട്ടനവധി ശിഷ്യഗണങ്ങളെയും തന്നാണ് ഉസ്താദ് യാത്രയായത്. അല്ലാഹുവിന്റെ അപാരമായ കാരുണ്യം കൊണ്ട്  ഉസ്താദിനെയും നമ്മെയും അല്ലാഹു അവന്റെ അനശ്വര പറുദീസയില്‍ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ.



Leave a Comment

Your email address will not be published. Required fields are marked *