കൊക്കോ ഇപ്പോൾ മറ്റൊരു കാർഷികോത്പന്നതിനും ഇല്ലാത്ത വിലവർദ്ധനവിൽ | Cocoa price hike at peak
ലോകത്ത് മറ്റൊരു കാർഷികോൽപന്നത്തിനും ഇല്ലാത്ത വിലവർധനയിലാണ് ഇപ്പോൾ കൊക്കോ. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണ് വില വർധിച്ചത്. ലോകവിപണികളിലേക്ക് ആവശ്യമുള്ള കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കിയിരുന്ന ഐവറി കോസ്‌റ്റ്, ഘാന എന്നീ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം കയറ്റുമതിക്കു നേരിട്ടിരിക്കുന്ന കനത്ത ഇടിവാണ് റെക്കോർഡ് വിലനിലവാരത്തിനു കാരണം. കേരളത്തിലെ കൊക്കോ കർഷകർക്കും വിലവർധന മൂലം കോളടിച്ചിരിക്കുകയാണ്. 2023ൽ 230 രൂപയായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിൻ്റെ വില. എന്നാൽ, ഏപ്രിൽ ആദ്യവാരം ഇത് കിലോയ്ക്ക് 725 രൂപയ്ക്കു മുകളിലാണ് എത്തിയത്. പച്ച പരിപ്പിന് 250 മുതൽ 260 രൂപ വരെയായിരുന്നു ആ സമയത്തു വില. ഏപ്രിൽ മൂന്നാം വാരത്തിലേക്കെത്തിയപ്പോൾ വില പിന്നെയും കൂടി. ഗ്രാമീണ മേഖലകളിൽ ഉണങ്ങിയ കൊക്കോ കുരുവിന് കിലോ 900 രൂപ വരെ കിട്ടുന്നു, പച്ച കൊക്കോ കുരുവിന് 280 രൂപയും.

