“കൊതിച്ചത് ആന കെടച്ചത് പൂന” |പ്രമോദ് മാധവൻ

കൃഷിയിലേക്ക് ആദ്യമായി കടന്ന് വരുന്നവർ, വലിയ പ്രതീക്ഷയിൽ ആയിരിക്കും.
ഫെയ്സൂക്കിലും കിസാൻ കൃഷിദീപത്തിലും ഒക്കെ കാണുന്ന പോലെ നെല്ലും വാഴയും പച്ചക്കറികളും തേങ്ങയും പപ്പായയും ഒക്കെ വിളഞ്ഞുകിടക്കുന്നത് പോലെ,  തന്റെ തോട്ടത്തിലും അവർ സ്വപ്നം കാണും. എന്നാൽ ഒരു സീസൺ കഴിയുമ്പോൾ പല കാരണങ്ങൾ കൊണ്ട്, പലർക്കും നിരാശയാകും ഫലം
കൊതിച്ചത് യാനെയ് (തമിഴിൽ ‘ആന’ )
കെടച്ചത് പൂനെയ് (തമിഴിൽ ‘പൂച്ച ‘)
ദിദന്താ ദിങ്ങനെ?
ചില കാരണങ്ങൾ നോക്കാം.
1.നല്ല വെയിൽ കിട്ടുന്ന സ്ഥലം ആയിരിക്കില്ല കൃഷിയ്ക്കായി തെരെഞ്ഞെടുത്തത്.ചിലപ്പോൾ ആവശ്യമുള്ള തണലും കൊടുത്തിട്ടുണ്ടാകില്ല.
2. പുരയിടത്തിലെ മരങ്ങളുടെ ആധിക്യം മൂലം, എന്ത്‌ വളം കൊടുത്താലും, അത് അവറ്റകളുടെ വേരുകൾ തിന്ന് തീർത്തിട്ടുണ്ടാകും.കൊടുത്തോ എന്ന് ചോദിച്ചാൽ കൊടുത്തു, പക്ഷെ കിട്ടേണ്ടവന് കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ല.
3. മണ്ണിലുള്ള പുളിപ്പിന്റെ (acidity ) അസ്കിത, മുൻകൂട്ടി കണ്ടറിഞ്ഞ് പരിഹരിച്ചിട്ടുണ്ടാകില്ല.
4. മണ്ണിൽ വേണ്ടത്ര ജൈവ കാർബൺ (Soil organic carbon ) കൊടുത്തിട്ടുണ്ടാകില്ല. മണ്ണിൽ Carbon ആണ് ഹീറോ.
5. കൃഷിയ്ക്കായി തെരെഞ്ഞെടുത്ത സ്ഥലത്ത് നീർവാർച്ച (drainage ) ശരിയായില്ല.
6. അടിസ്ഥാന വളം, ചെടിയുടെ ആവശ്യം( Crop requirement ) അറിഞ്ഞ് ചേർത്ത് കൊടുത്തിട്ടുണ്ടാകില്ല.
7. നല്ല ഗുണമേന്മയുള്ള വിത്തുകളോ, തൈകളോ ആകില്ല നടാൻ തെരെഞ്ഞെടുത്തത്.
8. നടാൻ തെരഞ്ഞെടുത്ത വിളകൾക്ക് വരാവുന്ന രോഗ -കീടങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ, അവയെ നേരിടാൻ യാതൊരു തന്ത്രവും മെനയാതെ ആകും ഉത്തമൻ കൃഷിയ്ക്കിറങ്ങിയത്.
9. ചെടിയുടെ വേരുകൾക്ക് കരുത്ത് പകരാൻ (Root health management ) ജീവാണു വളങ്ങൾ, ജീവാണു കീട-കുമിൾ നിയന്ത്രിണികൾ എന്നിവ ഉപയോഗിച്ചിട്ടുണ്ടാകില്ല.നമുക്ക് വേണ്ട ജീവാണുക്കൾ (PGPR ) കൊണ്ട് മണ്ണിൽ ഒരു അക്ഷ്വഹിണി തീർക്കാൻ മറന്ന് പോയിട്ടുണ്ടാകും.
10. കളകളെ വേണ്ട വിധം നിയന്ത്രിച്ചിട്ടുണ്ടാകില്ല.
11. ചെടിയുടെ ആവശ്യകത മനസ്സിലാക്കി,16 അവശ്യമൂലകങ്ങൾ(Essential Plant Nutrients ) ‘എണ്ണത്തിലും വണ്ണത്തിലും, ‘ക്രമമായി കൊടുത്തിട്ടുണ്ടാകില്ല.
12. ക്രമമായ ജലസേചനം(Ration Irrigation ) , മണ്ണിനും ചെടിയ്ക്കും, ദോഷമാകാത്ത രീതിയിൽ കൊടുത്തിട്ടുണ്ടാകില്ല.
13. ചെടികൾ തമ്മിൽ ശരിയായ അകലം പാലിച്ചിട്ടുണ്ടാകില്ല.
14. ചെടിത്തടത്തിലെ മണ്ണ് ഇളക്കമുള്ളതായും വായു സഞ്ചാരമുള്ളതായും സൂക്ഷിച്ചിട്ടുണ്ടാകില്ല.
15. ചെടികൾക്ക് വള്ളി വീശി സ്വാതന്ത്ര്യത്തോടെ പടർന്നുവളരാൻ വേണ്ടത്ര സൗകര്യങ്ങൾ ചെയ്ത് കൊടുത്തിട്ടുണ്ടാകില്ല.
16. കൃത്യമായ വളപ്രയോഗം നടത്തുമ്പോൾ തന്നെ, ഏതെങ്കിലും  മൂലകങ്ങളുടെ ‘അപര്യാപ്തതാ ലക്ഷണങ്ങൾ ‘(Deficiency symptoms )മനസ്സിലാക്കി, വേണ്ട പരിഹാരനടപടികൾ എടുത്തിട്ടുണ്ടാകില്ല.
17. ആവശ്യമില്ലാത്ത വള്ളികൾ, കൊമ്പുകൾ, കേട് ബാധിച്ച ശിഖരങ്ങൾ എന്നിവ യഥാസമയം നീക്കം ചെയ്തിട്ടുണ്ടാകില്ല.
18. താങ്ങ് കൊടുക്കേണ്ട ചെടികൾക്ക്,യഥാസമയം അത്‌ കൊടുത്തിട്ടുണ്ടാകില്ല.
19. വൈറസ് ബാധിച്ച ചെടികളെ, രോഗബാധയുടെ തുടക്കത്തിൽ തന്നെ പറിച്ച് മാറ്റിയിട്ടുണ്ടാകില്ല.
20. കുമിൾ രോഗങ്ങൾ ബാധിച്ച, ഇലകൾ കാണുമ്പോൾ തന്നെ പറിച്ച് തീയിൽ ഇട്ടിട്ടുണ്ടാകില്ല.
21. പ്രായമായി നിൽക്കുന്ന ഇലകൾ പറിച്ച് മാറ്റി, ചെടി എപ്പോഴും വൃത്തിയായി നിർത്തിയിട്ടുണ്ടാകില്ല.
22. ഇലകളുടെ ആരോഗ്യ സംരക്ഷണത്തിനായി (Leaf Health Management )ഇലകളിൽ ജീവാണു കുമിൾ നാശിനികളും ജൈവ-രാസ വളർച്ചാ ത്വരകങ്ങളും (organic /Chemical Growth stimulants) തളിച്ചിട്ടുണ്ടാകില്ല.
23. ശരിയായ മൂപ്പിൽ, വിളവെടുത്ത്, ചെടിയ്ക്ക് ഭാരം ഒഴിവാക്കി, വീണ്ടും പുഷ്പിക്കാൻ ഉള്ള സാഹചര്യം കൊടുത്തിട്ടുണ്ടാകില്ല.
24. ചെടികളുടെ ഇലകളുടെ അടിവശം, തുടക്കം മുതൽ തന്നെ ഇടയ്ക്കിടെ പരിശോധിച്ച്, നീരൂറ്റികുടിയ്ക്കുന്ന കീടങ്ങളുടെ വരവ് മനസ്സിലാക്കിയിട്ടുണ്ടാകില്ല.
25. നമ്മുടെ പുരയിടത്തിൽ തന്നെ രോഗ -കീടങ്ങൾ ബാധിച്ച വിളകൾ നിൽക്കുമ്പോൾ തന്നെ, വീണ്ടും അതേ വിളയുടെ തൈകൾ വച്ച് പിടിപ്പിച്ചിട്ടുണ്ടാകും.
ഇതോടൊപ്പം, വാണിജ്യാടിസ്ഥാനത്തിൽ ചെയ്ത വിളകൾ ഇൻഷ്വർ ചെയ്തിട്ടും ഉണ്ടാകില്ല.
ഇനി നിങ്ങൾ പറയൂ… ഈ ഇരുപത്തഞ്ച് കാരണങ്ങൾ കൂടാതെ, എന്തൊക്കെ ശ്രദ്ധിക്കണമെന്ന്.
കൃഷി ശാസ്ത്രീയം ആകണം എന്ന് പറഞ്ഞാൽ രാസവള- രാസ കീട-കുമിൾ -കള നിയന്ത്രിണികൾ ഉപയോഗിക്കാൻ പറയുക ആണെന്നാണ് ചിലർ കരുതുന്നത്. മേൽ വിവരിച്ച ഓരോ കാരണങ്ങളും പരിശോധിച്ചാൽ ആ ധാരണ അസ്ഥാനത്താണ് എന്ന് കാണാം.
Farming is an art, science, skill, business and what not….
കൃഷിയിൽ A stitch in time saves nine എന്നത് വളരെ പ്രധാനമാണ് . സൂചി കൊണ്ടെടുക്കേണ്ടത്, തൂമ്പാ കൊണ്ട് എടുക്കേണ്ട സാഹചര്യം ഉണ്ടാക്കാതിരിക്കുക.
ആയതിനാൽ നന്നായി പഠിച്ച്,  കൃഷി ചെയ്യുക. വിപണിയും കാലാവസ്ഥയും മനസ്സിലാക്കി വിളയിറക്കുക.
 കാളവണ്ടിയിൽ കയറി ചന്ദ്രനിൽ പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കണം.
Happy learning… Happy Farming.
..ന്നാൽ അങ്ങട്…
പ്രമോദ് മാധവൻ

Leave a Comment

Your email address will not be published. Required fields are marked *