കൂര്‍ക്കംവലി ആരോഗ്യപ്രശ്‌നമാകാം
കൂര്‍ക്കംവലി ആരോഗ്യപ്രശ്‌നമാകാം
കൂര്‍ക്കംവലി അതിരുവിടുന്നുണ്ടെങ്കില്‍ സുക്ഷിക്കണം. ചിലപ്പോള്‍ ഏതെങ്കിലും ആരോഗ്യപ്രശ്‌നത്തിന്റെ തകരാറാകാമിത്. ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായി കൂര്‍ക്കംവലി ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രം ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് ആരോഗ്യപ്രശ്‌നമായി കാണേണ്ടതില്ല. അതേസമയം പതിവായുള്ള കൂര്‍ക്കംവലി ഗൗരവമായി കാണുകതന്നെ വേണം.
പലപ്പോഴും ഇവര്‍ ഉറക്കമുണര്‍ന്നാല്‍ ക്ഷീണിതരായി കാണപ്പെടുന്നു. ഇവര്‍ക്ക് ശരിയായ ഉറക്കം ലഭിക്കുന്നില്ല, അല്ലെങ്കില്‍ ഉറക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള തടസം നേരിടുന്നു എന്നാണ് ഇതിന് കാരണം. അതിനാല്‍ ഇക്കൂട്ടര്‍ ശരിയായ ഉറക്കം ലഭിക്കാന്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടിവരാം.
കൂര്‍ക്കം വലിക്ക് കാരണം
ശ്വാസോച്ഛ്വാസം ചെയ്യുമ്ബോള്‍ മൂക്കിലൂടെയും വായിലൂടെയുമുള്ള വായുസഞ്ചാരത്തിന് തടസം നേരിടുമ്ബോഴാണ് കൂര്‍ക്കംവലി സംഭവിക്കുന്നത്. ഇതു പല കാരണങ്ങള്‍കൊണ്ട് സംഭവിക്കാം.
കുറുനാവിന്റെ നീളക്കൂടുതല്‍
ചിലരുടെ കുറുനാവിനും അണ്ണാക്കിനും സാധാരണയില്‍ കവിഞ്ഞ നീളമുണ്ടായിരിക്കും. ഇത് മൂക്കില്‍ നിന്നും വായിലേക്ക് തുറക്കുന്ന ദ്വാരം ഇടുങ്ങിയതാക്കുന്നു. ഇതിന്റെ ഫലമായി ഇതുവഴിയുള്ള വായുസഞ്ചാരത്തിന് ഭാഗികമായി തടസം നേരിടുന്നു. ശ്വാസോച്ഛ്വാസം നടത്തുമ്ബോള്‍ ഈ ഭാഗങ്ങളില്‍ വായുതട്ടി ശബ്ദമുണ്ടാകുന്നു. ഇതാണ് കൂര്‍ക്കംവലിയായി പുറത്തുവരുന്നത്.*
മൂക്കിനുള്ളിലെ തടസങ്ങൾ
ശ്വസന നാളിയില്‍ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉള്ളവരില്‍ കൂര്‍ക്കം വലി ഉണ്ടാകാം. ഇത്തരത്തില്‍ ശ്വസനത്തില്‍ ഭാഗികമായാണെങ്കിലും തടസം നേരിടുന്നവര്‍ക്ക് ഉറക്കത്തില്‍ ശ്വസിക്കാന്‍ കൂടുതല്‍ ആയാസം വേണ്ടിവരുന്നു.
ഇതിന്റെ ഫലമായി ശ്വാസം ഉള്ളിലേക്ക് വലിക്കുമ്ബോള്‍ അതോടൊപ്പം അണ്ണാക്കിന്റെ മുകള്‍ ഭാഗവും കുറുനാവും ഒരുമിച്ച് ഉള്ളിലേക്ക് അടുക്കുന്നു. ഇതിന്റെ കമ്ബനസ്വരമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.
അലര്‍ജിയുള്ളവരിലും സൈനസില്‍ അണുബാധയുള്ളവരിലും കൂര്‍ക്കംവലി ഉണ്ടാകാം. മൂക്കിന്റെ ഇരു ദ്വാരങ്ങളും തമ്മില്‍ വേര്‍തിരിക്കുന്ന പേശികളില്‍ ഉണ്ടാകുന്ന തകരാറുകളും മൂക്കിലെ ദശവളര്‍ച്ചയും കൂര്‍ക്കംവലിക്ക് കാരണങ്ങളാണ്.
തൊണ്ടയിലെയും നാവിലെയും പേശികളുടെ തകരാര്‍
ഉറക്കത്തില്‍ ശ്വസനം സുഗമമാക്കാന്‍ സഹായിക്കുന്നത് തൊണ്ടയിലെയും നാവിലെയും പേശികളാണ്. ഈ പേശികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ വായുസഞ്ചാരത്തെ തടസപ്പെടുത്തുകയും കൂര്‍ക്കം വലിക്ക് കാരണമാകുകയും ചെയ്യും.
