Uncategorized

കുരുമുളകില്‍ പിടിമുറക്കി ഇറക്കുമതിക്കാര്‍

കുരുമുളകിന് വിലത്തകര്‍ച്ച. കഴിഞ്ഞ വാരം കുരുമുളക് ക്വിന്റലിന് 500 രൂപയാണ് (കിലോയ്ക്ക് അഞ്ചു രൂപ) വില കുറഞ്ഞത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാതെ പത്തനംതിട്ട, വയനാട്, ഇടുക്കി മേഖലകളില്‍ കര്‍ഷകര്‍ കുരുമുളക് വിറ്റ് തുടങ്ങിയതോടെയാണ് കൊച്ചിയില്‍ കുരുമുളക് വില ഇടിഞ്ഞത്.

കൊച്ചിയില്‍ കഴിഞ്ഞവാരം 123 ടണ്‍ കുരുമുളകാണ് വില്‍പ്പനയ്ക്ക് എത്തിയത്. പത്തനംതിട്ടയില്‍നിന്ന് അഞ്ച് ടണ്‍ പുതിയ കുരുമുളക് വില്‍പ്പനയ്ക്ക് എത്തി. കിലോയ്ക്ക് 490 രൂപ നിരക്കില്‍ കയറ്റുമതിക്കാര്‍ വാങ്ങി. ഇവര്‍ തന്നെ 80 ടണ്‍ കുരുമുളക് 490 രൂപ നിരക്കില്‍ വാങ്ങി. ഇടുക്കിയിലെ കാംകോ അടയ്ക്ക ഇറക്കുമതിക്ക് എതിരെ രംഗത്ത് വന്നത് കര്‍ഷകര്‍ക്ക് ആശ്വാസം. കുരുമുളക് ഇറക്കുമതിയിലും കാംകോ രംഗത്ത് ഇറങ്ങണമെന്ന് കര്‍ഷകര്‍. ബ്രസീലില്‍നിന്ന് വിയറ്റ്‌നാം വഴി 90 ടണ്‍ കുരുമുളക് ഇറക്കുമതി നടന്നു. കുരുമുളക് കൃഷിയില്ലാത്ത അഫ്ഗാനിസ്ഥാന്‍, ദുബായ് എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്തത് എന്ന് ഇറക്കുമതിക്കാര്‍ പറയുന്നത്!

എക്‌സ്‌പോര്‍ട്ട് ഓറിയന്റല്‍ യൂണിറ്റ്, എസ്.ഇ.സെഡ് കമ്പനികള്‍ ഇറക്കുമതി ചെയ്ത മുളകിലെ മുഴുത്ത മുളക് കിലോക്ക് 510 രൂപ നിരക്കില്‍ വിറ്റു. ശബരിമല സീസണ്‍ ആയതോടെ മുന്‍ വാരം കിലോയ്ക്ക് 12 രൂപ വില കൂടിയിരുന്നു. കഴിഞ്ഞ വാരം വില കുറഞ്ഞു. കുരുമുളക് പൊടിച്ച് അരക്കിലോയ്ക്ക് 500 രൂപ നിരക്കില്‍ അയ്യപ്പഭക്തര്‍ കേരളത്തിന് പുറത്ത് വിറ്റ് തുടങ്ങി. ഇതോടെ അയ്യപ്പ ഭക്തരില്‍നിന്നും കുരുമുളക് വാങ്ങല്‍ തോത് കുറഞ്ഞു. മൂല്യ വര്‍ധിത ഉല്‍പ്പന്നത്തിന്റെ പേരില്‍ ഇറക്കുമതി ചെയ്യുന്ന മുളക് കയറ്റുമതി ചെയ്യാനാണ് കേന്ദ്ര നിര്‍ദേശം. ഇതൊന്നും ഇറക്കുമതിക്കാര്‍ പാലിക്കാറില്ല. കുരുമുളക് വിപണി ഇപ്പോള്‍ ഇറക്കുമതിക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. ഇത് ഭാവിയില്‍ കര്‍ഷകര്‍ക്ക് കനത്ത ദോഷമാണ് വരുന്നതെന്ന് കയറ്റുമതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ കയറ്റുമതി വ്യാപാരി കിഷോര്‍ കുമാര്‍ ഷാംജി പറയുന്നു.

വന്‍കിട ഇറക്കുമതിക്കാര്‍ കോടികള്‍ വാരി കൂട്ടുമ്പോള്‍ കര്‍ഷകര്‍ പറയുന്നത് നഷ്ടത്തിന്റെ കണക്കുകള്‍. ആഗോള വിപണിയില്‍ ഇന്ത്യയുടെ കുരുമുളകിനാണ് എക്കാലത്തും കയറ്റുമതി നിരക്കില്‍ ഉയര്‍ന്ന നിരക്ക്. ഇത് തകര്‍ക്കുകയാണ് ഇറക്കുമതിക്കാരുടെ ലക്ഷ്യം. രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ കയറ്റുമതി നിരക്ക് ഒരുടണ്‍ കുരുമുളകിന് 6500 ഡോളര്‍, ശ്രീലങ്ക 5100, വിയറ്റ്‌നാം 3000, ബ്രസീല്‍ 2900, ഇന്‍ഡോനേഷ്യ 3200 ഡോളര്‍. വാരാന്ത്യ വില കൊച്ചി കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 49,000, ഗാര്‍ബിള്‍ഡ് 51,000, പുതിയ മുളക് 48,000 രൂപ.

രാജ്യാന്തര വില ഉയര്‍ന്നിട്ടും ടയര്‍ കമ്പനികള്‍ റബര്‍ വില കുറച്ചു. കിലോയ്ക്ക് 2 രൂപയാണ് വിലകുറച്ചത്. തയ്യാര്‍ നിരക്കില്‍ ബാങ്കോക്കില്‍ കിലോക്ക് ആറ് രൂപ വില ഉയര്‍ന്നിട്ടും ആഭ്യന്തര വിപണിയില്‍ ടയര്‍ കമ്പനികള്‍ റബര്‍ വില കുറയ്ക്കുന്നതില്‍നിന്നും പിന്മാറിയില്ല. ജനുവരി അവധിക്ക് ചൈന 148 ല്‍നിന്ന് 156 ആയി വില ഉയര്‍ത്തി. ടോക്കിയോ 129 ല്‍നിന്ന് 136 ആയി ഉയര്‍ത്തി. തയ്യാര്‍ നിരക്കില്‍ ബാങ്കോക്ക് 129 ല്‍നിന്ന് 135 രൂപയായി വില ഉയര്‍ത്തി. ആഭ്യന്തര വിപണിയില്‍ ആര്‍.എസ്.എസ് നാല് കിലോയ്ക്ക് 144 ല്‍ വിറ്റ് നിര്‍ത്തിയത് വരാന്ത്യം 142 രൂപയായും, ആര്‍.എസ്.എസ് അഞ്ച് 141 ല്‍ വിറ്റ് നിര്‍ത്തിയത് 139 രൂപയായും വില കുറച്ചാണ് ടയര്‍ കമ്പനികള്‍ വാങ്ങിയത്. മഴമൂലം ഉത്പാദനം കുറഞ്ഞു. വില കൂടേണ്ട കാലാവസ്ഥയില്‍ റബറിന്റെ വില തകര്‍ച്ച കര്‍ഷകരെ സാമ്പത്തിക ബുദ്ധിമുട്ടില്‍ ആക്കി. ചെറുകിട ടയര്‍ കമ്പനികള്‍ക്കായി 250 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 700 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യ വില ആര്‍.എസ്.എസ് നാല് ക്വിന്റലിന് 14,200, ആര്‍.എസ്.എസ് അഞ്ച് 13,900 രൂപ.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്തി. വില്‍പ്പന തോത് കുറവാണ്. പവന് 360 രൂപ വില ഉയര്‍ത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് (31.100 മിലിഗ്രാം) 1797 ഡോളറില്‍ വില മാറ്റമില്ല. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ ഈയാഴ്ച തീരുമാനിക്കുന്നു. ഈ സാഹചര്യം നിക്ഷേപകര്‍ക്ക് അനുകൂലമായാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിയാനാണ് സാധ്യത. രൂപയ്ക്ക് കഴിഞ്ഞവാരം കനത്ത നഷ്ടം. വിനിമയ നിരക്കില്‍ രൂപയ്ക്ക് 86 പൈസയാണ് തകര്‍ന്നത്. രൂപ 82.42 ല്‍നിന്ന് 82 രൂപ 28 പൈസയായി ഇടിഞ്ഞു. സ്വര്‍ണം പവന് 39,560 ല്‍നിന്ന് 39,920 രൂപയായി വില ഉയര്‍ന്നു. പൊതുവേ ഡിമാന്‍ഡ് കുറഞ്ഞതോടെ വെളിച്ചെണ്ണ, പാമോയില്‍ വില മാറ്റമില്ല. വെളിച്ചെണ്ണ മില്ലിങ് ക്വിന്റലിന് 14,200, തയ്യാര്‍ 13,600, കൊപ്ര തെളിവ് 9,200, ഓടെ 9,000, പാമോയില്‍ 9,750 രൂപ. കൊച്ചിയില്‍ കഴിഞ്ഞവാരം 420 ക്വിന്റല്‍ വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരം നടന്നു.

കൊച്ചിയില്‍ കഴിഞ്ഞ ലേലത്തില്‍ തേയില കിലോയ്ക്ക് മൂന്നു രൂപ വില കുറഞ്ഞു. മഴ തുടങ്ങിയതോടെ ഗുണനിലവാരം കണ്ടെത്തിയാണ് പാക്കറ്റ് നിര്‍മ്മാതാക്കള്‍, കയറ്റുമതിക്കാര്‍ ലേലത്തില്‍ തേയില വില കുറച്ചു വാങ്ങിയത്. ഇലത്തേയില 3,51,000 കിലോയും, പൊടിത്തേയില 8,75,600 കിലോയും ലേലത്തില്‍ വില്‍പ്പനയ്‌ക്കെത്തി.

Leave a Reply

Your email address will not be published. Required fields are marked *