വിലകൂടുമെന്ന പ്രതീക്ഷയിൽ റബർ; പച്ചത്തേങ്ങ സംഭരണം ഗുണം ചെയ്തില്ല
വിപണി വിശേഷം / കെ.ബി. ഉദയഭാനു
ചൈനീസ് വ്യവസായികൾ വൈകാതെ റബറിനായി തിരിച്ചെത്തുമെന്ന സൂചന ഏഷ്യൻ മാർക്കറ്റുകൾക്ക് പുതുജീവൻ പകർന്നേക്കും. ഇന്ത്യൻ ടയർ ഭീമൻമാർ റബർ കർഷകരെ വീണ്ടും ഞെട്ടിച്ചു. പച്ചത്തേങ്ങ സംഭരണം കൂടുതൽ ഊർജിതമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ കാർഷിക മേഖല പ്രതീക്ഷയിൽ.
അതേ, കാത്തിരിപ്പിനൊടുവിൽ ജപ്പാൻ എക്സ്ചേഞ്ചിൽ റബർ കിലോ 220 യെന്നിലെ പ്രതിരോധം ഭേദിച്ചു. പിന്നിട്ട നാലാഴ്ചകളായി നമ്മൾ സസൂക്ഷ്മം നീരിക്ഷിച്ചു കൊണ്ടിരുന്ന 220 യെന്നിലെ ടാർഗറ്റ് വിപണി മറികടന്നത് റബർ വിലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്ക് അവസരമാകും. നവംബർ മധ്യത്തിലെ തകർച്ചയിൽ 208 യെന്നിലെ നിർണായക സപ്പോർട്ട് നിലനിർത്തി 209 യെന്നിൽ ഉടലെടുത്ത റാലി ഇതിനകം 230 വരെ കയറി. 235-240 യെന്നെന്ന സാധ്യതയാണ് മുന്നിൽക്കാണുന്നത്. അതേസമയം, ഫെഡ് റിസർവ് ബുധനാഴ്ച പലിശ സംബന്ധിച്ച യോഗ തീരുമാനവും ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ ചലനങ്ങളും നിർണായകമാവും.
കോവിഡ് സൃഷ്ടിച്ച വൻ പ്രതിസന്ധികളിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് ശേഷം 2023 ൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനുള്ള ശക്തമായ തയാറെടുപ്പിലാണ് ചൈന. മാർച്ച്-ജൂണ് കാലത്ത് അവർ വ്യവസായിക മുന്നേറ്റത്തിന് പുതിയതുടക്കമിടുമെന്നു അനുമാനിക്കാം. ചൈനീസ് ഓട്ടോമൊബൈൽ മേഖലയ്ക്കൊപ്പം ചൈനീസ് ടയർ ഉല്പാദന രംഗവും വൻകുതിച്ചുചാട്ടം അടുത്ത വർഷം കാഴ്ചവയ്ക്കാം. ചൈനയിൽ മാത്രമല്ല, ടോക്കോം, സിംഗപ്പുർ മാർക്കറ്റിലും റബർ മികവിലെത്താം. 238 യെന്നിലെ പ്രതിരോധം തകർക്കുന്നതോടെ പുതുവർഷത്തിൽ റബർ ഉറ്റുനോക്കുക 2021 ജനുവരിയിലെ 338 യെന്നിനെയാവും.
സംസ്ഥാനത്ത് റബർ ഉൽപാദനം പരമാവധി ഉയർത്താൻ കിണഞ്ഞ് ശ്രമിക്കുകയാണ് കർഷകർ. അതേസമയം അവരുടെ ആത്മവിശ്വാസം തകർക്കാൻ എല്ലാകളിയും ടയർ ലോബി നടത്തുന്നുണ്ട്. വിദേശ വിപണികളിൽ റബർ വില ഇടിഞ്ഞെന്നപേരിൽ ആഭ്യന്തര മാർക്കറ്റ് തകർത്ത വാങ്ങലുകാർ കഴിഞ്ഞവാരം രാജ്യാന്തര വിലഉയർന്ന വിവരം കണ്ടില്ലെന്നുനടിച്ച് ഷീറ്റ് വില 145 രൂപയിൽ നിന്നും 142 ലേയ്ക്ക് താഴ്ത്തി.
എന്തായാലും ഇത്ര താഴ്ന്ന വിലയ്ക്ക് ചരക്ക് വിൽപ്പനയ്ക്ക് ഇറക്കാൻ നമ്മുടെ ഉൽപാദകരിൽ വലിയോരു പങ്കും തയാറായില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിവരം. ഒരു പരിധിവരെ രാജ്യാന്തര വിപണിയുടെ സാങ്കേതിക ചലനങ്ങൾ നമ്മുടെ വായനക്കാർക്ക് കൃത്യമായി ലഭിച്ചതിനാൽ ആഭ്യന്തര വില തകർച്ചയ്ക്ക് ഇടയിലും പുതിയ ഷീറ്റ് ഇറക്കാതെ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസം അവർക്ക് ലഭ്യമായി. അനുകൂല കാലാവസ്ഥയിൽ റബർ ഉല്പാദനമുയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് 14,200 ലും അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 13,400-13,900 രൂപയിലും ക്ലോസിങ് നടന്നു. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ ഒട്ടുപാൽ 8500 നും ലാറ്റക്സ് 8700 നും വാങ്ങി.
പച്ചത്തേങ്ങ സംഭരണം ഉൗർജിതമാക്കുമെന്ന കൃഷി വകുപ്പിൻറ്റ പ്രഖ്യാപനത്തെ പ്രതീക്ഷകളോടെ കാർഷിക മേഖല ഉറ്റ്നോക്കുകയാണ്. ലക്ഷങ്ങൾ പൊടിച്ച് കൊപ്ര സംഭരണം എട്ടു മാസം പിന്നിടുന്പോൾ വിപണി നിലവാര ഗ്രാഫിൽ ഒരു രൂപപോലും ഉയർത്താനായില്ലെന്ന് മാത്രമല്ല വില തകർച്ചയെ തടയുന്നതിലും സംഭരണം വൻപരാജയമായിരുന്നു. നവംബർ അവസാനം വരെ നടത്തിയത് കേവലം 18 കോടി രൂപയുടെ സംഭരണമാണ്. പ്രമുഖ വിപണികളിൽ ഒറ്റ ദിവസം നടക്കും 18 കോടി രൂപയുടെ വില്പന.
കാർഷിക മേഖലകളിൽ സഞ്ചരിച്ച് പച്ചത്തേങ്ങ സംഭരിക്കാനുള്ള പുതിയ പദ്ധതികൾ പ്രവർത്തികമായി വരുന്പോൾ ജനുവരിയാവും. സംഭരണ ഏജൻസികളുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും കർഷകരോടുള്ള ആത്മാർഥതയുടെ ആഴം. കൊപ്രയിൽ തുടങ്ങിയ സംഭരണം പച്ചത്തേങ്ങയിൽ എത്തിയിട്ടും കാർഷിക മേഖലയിലെ വില തകർച്ച വിട്ടുമാറിയില്ല.
പിന്നിട്ടവാരം കൊപ്രയ്ക്ക് 9400 ലെ പ്രതിരോധം തകർക്കാനാവശ്യമായ ഉൗർജം കണ്ടെത്താനായില്ല. 9000 രൂപയിൽ നിന്ന് ചുവടുവെക്കാൻ രണ്ടാഴ്ച പിന്നിട്ടിട്ടും കൊപ്രയ്ക്കായില്ല. വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാൻഡ്് ചെറുകിട മില്ലുകാരുടെ പ്രതീക്ഷയ്ക്ക് ഉയരാഞ്ഞതും തിരിച്ചടിയായി. കൊച്ചിയിൽ വെളിച്ചെണ്ണ വില 13,600 രൂപ.
ആഭ്യന്തര വിദേശ ഇടപാടുകാർ ലഭ്യമാവുന്ന ഏലക്ക വാങ്ങി കൂട്ടാൻ മത്സരിക്കുന്നുണ്ടങ്കിലും വിപണിക്ക് മുന്നേറാനായില്ല. വില ഇന്ന് ഉയരും നാളെ ഉയരുമെന്ന പ്രതീക്ഷയിൽ ഓരോ ദിനങ്ങൾ കടന്നുപോകുന്നതല്ലാതെ ഏലക്കയെ ബാധിച്ച മാന്ദ്യം അകലുന്നില്ല. പല ഭാഗങ്ങളിലും വിളവെടുപ്പ് മന്ദഗതിയിലാണ് നീങ്ങുന്നത്. അതേസമയം വില്പനയ്ക്കെത്തുന്നത് ഉയർന്ന അളവിലും. വിവിധ വിദേശരാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്. വാരാവസാനം ശരാശരി ഇനങ്ങൾ കിലോ 878 രൂപയിലും മികച്ചയിനങ്ങൾ 1380 രൂപയിലുമാണ്.
കുരുമുളക് വിപണിയിൽ സാങ്കേതിക തിരുത്തൽ. പിന്നിട്ട രണ്ടാഴ്ചകളിൽ മുന്നേറ്റം കാഴ്ചവച്ച മുളക് വാരാവസാനം തളർന്നു. അന്തർസംസ്ഥാന വാങ്ങലുകാർ അല്പം പിൻവലിഞ്ഞതും ഇറക്കുമതി ലോബി സ്റ്റോക്ക് ഇറക്കാൻ തിടുക്കം കാണിച്ചതും തിരിച്ചടിയായി. കൊച്ചിയിൽ അണ് ഗാർബിൾഡ് മുളക് ക്വിൻറ്റലിന് 49,000 രൂപയിലും ഗാർബിൾഡ് 51,000 രൂപയിലും ക്ലോസിംഗ് നടന്നു.
അന്താരാഷ്്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6500 ഡോളർ. വിയെറ്റ്നാം 3000 ഡോളറിനും ഇന്തോനേഷ്യ 3100 ഡോളറിനും ബ്രസീൽ 2900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
