പച്ചക്കറികൾ

We need food gardens, not lawns and ornamental palms.. Let’s do foodscaping | പുൽത്തകിടികളും അലങ്കാര ഈന്തപ്പനകളുമല്ല ഭക്ഷ്യ തോട്ടങ്ങളാണ് നമുക്ക് വേണ്ടത്.. നമുക്ക് ഫുഡ്സ്കേപ്പിംഗ് നടത്താം | പ്രമോദ് മാധവൻ

We%20need%20food%20gardens,%20not%20lawns%20and%20ornamental%20palms.

മുൻപും Foodscaping നെ കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും വീണ്ടും അതെഴുതാൻ പ്രചോദനമായത് തിരുവനന്തപുരത്ത് ആനയറയിൽ ഉള്ള കൃഷി വകുപ്പിന്റെ State Agricultural Management & Extension Training Institute (SAMETI ) യിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ഷിബുകുമാർ സർ ഇന്നലെ ഫേസ്ബുക്കിൽ പങ്ക് വച്ച ഒരു ചിത്രം കണ്ടപ്പോഴാണ്.

അവിടെ തയ്യാറാക്കിയ മനോഹരമായ ഭക്ഷണാരാമത്തിന്റെ ചിത്രങ്ങൾ…

Indian Council of Medical Research (ICMR )ന്റെ ശുപാർശ പ്രകാരം ഒരാൾ ദിവസവും 300ഗ്രാം പച്ചക്കറികളും 100ഗ്രാം പഴവർഗങ്ങളുംകഴിച്ചിരിക്കണം എന്നാണ്, സമ്പൂർണ സ്വാസ്ഥ്യം വേണമെങ്കിൽ . അങ്ങനെയെങ്കിൽ ഒരു കൊല്ലം ഒരാൾ ഏതാണ്ട് 120 കിലോ പച്ചക്കറികളും 37കിലോ പഴങ്ങളും കഴിക്കണം എന്ന് പറയാം. ഇത് വല്ലപ്പോഴും കഴിക്കുകയല്ല വേണ്ടത് ദിനവും കഴിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്.

 ‘My Healthy Food Plate’ സങ്കൽപ്പപ്രകാരം ഇതിന് പുറമെ ചെറുധാന്യങ്ങൾ (Millets, Nutri Cereals ) അടക്കം 270ഗ്രാം ധാന്യങ്ങൾ,90ഗ്രാം പയർ വർഗ്ഗങ്ങൾ,20ഗ്രാം അണ്ടിവർഗങ്ങൾ (Nuts &seeds ),27ഗ്രാം കൊഴുപ്പ് (Fats &oils ),300ഗ്രാം പാലോ പാലുത്പന്നങ്ങൾ എന്നിവയും കൂടി കഴിക്കുകയും നന്നായി വ്യായാമം ചെയ്യുകയും സദ്ചിന്തകൾ മനസ്സിൽ വരികയും കൂടി ചെയ്താൽ ഭിഷഗ്വരന്മാർ കേരളത്തിൽ വേറേ പണി നോക്കേണ്ടി വരും🤭.

WhatsApp20Image202022 12 0420at203.19.2820PM

ആരോഗ്യ വകുപ്പ് ആളുകളുടെ രോഗം ചികിൽസിക്കാൻ ഇരിക്കുന്നവർ ആണെങ്കിൽ (Curing Illness ) കൃഷി വകുപ്പുദ്യോഗസ്ഥർ ജനങ്ങളിൽ ആരോഗ്യം ഉണ്ടാക്കേണ്ടവർ (Creating Wellness )ആണ്. അവർ മറ്റ് വകുപ്പുകളുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും വികസന ഏജൻസികളുമായും ചേർന്ന് എല്ലാ ആളുകളിലും വീടുകളിലും സുരക്ഷിതഭക്ഷണം ഉൽപാദിപ്പിക്കേണ്ട രീതികൾ ആൾക്കാരെ പഠിപ്പിക്കണം, അതിനായി ജനങ്ങളെ പ്രചോദിപ്പിക്കണം, ഉചിതമായ പദ്ധതികൾ ആവിഷ്കരിക്കണം.

മേല്പറഞ്ഞ കണക്ക് പ്രകാരം കേരളത്തിന്‌ ഒരു കൊല്ലം വേണ്ടത് 33ലക്ഷം ടൺ പച്ചക്കറികളും 11ലക്ഷം ടൺ പഴങ്ങളുമാണ്.

ഇനി മറ്റൊരു കണക്കിലേക്ക് പോകാം. കേരളത്തിൽ ഓണക്കാലത്ത് എല്ലാ വീടുകളിലും ഓണക്കിറ്റ് കൊടുത്തിരുന്നല്ലോ. അത് ഏതാണ്ട് 87ലക്ഷം കിറ്റുകൾ എന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ അത്രയും റേഷൻ കാർഡുകൾ ഇവിടെ ഉണ്ട് എന്ന് കാണാം. ഒരു പക്ഷെ ഒരു വീട്ടിൽ തന്നെ ഒന്നിലധികം കാർഡുകൾ ഉണ്ടായെന്നും വരാം. ഇനി ഇതിൽ അല്പസ്വല്പം സ്ഥലം എങ്കിലും കൃഷി ചെയ്യാൻ സൗകര്യം ഉള്ള കുടുംബങ്ങൾ (ഒരു അൻപത് ലക്ഷം വീടുകൾ എന്നെടുക്കാം ) കൃഷി ചെയ്യാൻ തുടങ്ങിയാൽ, അവർ ഒരു വർഷം 100കിലോ വീതം പച്ചക്കറികൾ ഉൽപാദിപ്പിച്ചാൽ അതിൽ നിന്നും മാത്രം ഉള്ള ഉത്പാദനം അൻപത് കോടി കിലോഗ്രാം ആയിരിക്കും

അത് ഏതാണ്ട് അഞ്ച് ലക്ഷം ടൺ വരും. അവർക്ക് 200കിലോ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് 10ലക്ഷം ടൺ ഉണ്ടാകും.

ബാക്കിയുള്ള അളവ് വാണിജ്യകൃഷിയിലൂടെ ഉണ്ടാക്കിയാൽ മതിയാകും.

C. K. Prahlad തന്റെ പ്രശസ്തമായ ‘Fortune at the bottom of the Pyramid ‘എന്ന പുസ്തകത്തിൽ വിവക്ഷിക്കുന്നത് പോലെ സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരുടെ ശക്തി അനുപമമാണ്. അവരെ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതികൾ നടപ്പിലാക്കണം. അവർക്ക് കൃഷി ചെയ്യാൻ സഹായങ്ങൾ ഒന്നും ഫ്രീ ആയി കൊടുക്കരുത്. (മുഖം ചുളിയുന്നത് എനിയ്ക്ക് കാണാം ). ആൻഡ്രോയ്ഡ് ഫോണുകൾ ഇല്ലാത്ത ഒരു സാധാരണക്കാരുടെ വീട് പോലും കേരളത്തിൽ ഉണ്ടാകില്ല എന്നാണ് എന്റെ നിരീക്ഷണം. അതിനൊക്കെ പണം എങ്ങനെ എങ്കിലും അവർ കണ്ടെത്തും.അത്‌ പോലെ, വേണ്ടവർ കൃഷിയ്ക്കുള്ള പണം എങ്ങനെ എങ്കിലും കണ്ടെത്തണം. കുടുംബശ്രീ, NSS, SNDP, രൂപതകൾ, പള്ളികൾ വഴി ഒക്കെ ഇന്ന് ലഘു വായ്പ ലഭിക്കാൻ അവസരങ്ങൾ ഉണ്ട്. ഇനി അങ്ങനെ കിട്ടാത്തവർക്ക് സഹകരണ ബാങ്കുകൾ ലഘു വായ്പകൾ നൽകണം.അവർക്ക് നല്ല ഗുണമേന്മയുള്ള വിത്തും വളങ്ങളും മറ്റും വിലയ്ക്ക് വാങ്ങാൻ പറ്റിയ ന്യായവില സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തിയാൽ മതിയാകും.

പക്ഷെ,അവർ ഉൽപാദിപ്പിക്കുന്ന,(മുൻകൂട്ടി തയ്യാറാക്കുന്ന പദ്ധതി പ്രകാരം, Production Planning ) അവരുടെ ഭക്ഷണാവശ്യം കഴിഞ്ഞുള്ള (surplus ) ഉത്പന്നങ്ങൾ,നല്ല വില നൽകി കൃഷി വകുപ്പ്  (Horticorp, VFPCK, Civil Supplies Corporation മുതലായവരിലൂടെ)  സംഭരിക്കുകയും അത് പൊതുജനത്തിന് വാങ്ങാൻ അവസരം ഒരുക്കുകയും വേണം.

WhatsApp20Image202022 12 0420at203.19.2820PM201

ഉൽപാദിപ്പിച്ചതിന്റെ അളവിന് ആനുപാതികമായി Production Incentive ആ കർഷക കുടുംബത്തിന്റെ (കഴിയുമെങ്കിൽ സ്ത്രീകളുടെ ) ബാങ്ക് അക്കൗണ്ടിൽ കൊടുത്താൽ മതിയാകും.

എല്ലാ വീടുകളിലും അലങ്കാരചെടികൾ ഉണ്ടാകും. പക്ഷെ പല വീടുകളിലും ആഹാരചെടികൾ (Edible Plants )ഉണ്ടാകില്ല. അലങ്കാരത്തോടൊപ്പം അല്പം ആഹാരവും കൂടി ഒരേ തോട്ടത്തിൽ നിന്നും തന്നെ വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ സുഗുണാ..?

ഇല്ല.

ആയതിനാൽ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും (Urban &Peri urban )എല്ലാം തന്നെ വികസിപ്പിച്ചെടുക്കേണ്ട മാതൃക ആകുന്നു Foodscaping.

പനകൾക്ക് പകരം പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിൽ തേങ്ങകൾ തരുന്ന കുള്ളൻ തെങ്ങുകളും ചെറിയ പ്രായത്തിൽ തന്നെ കായ്ക്കുന്ന അടയ്ക്കാമരങ്ങളും പൂന്തോട്ടത്തിലെ ചെടികൾക്കൊപ്പം തന്നെ ഇടകലർത്തി വ്ലാത്താങ്കര ചീരയും അരുൺ ചീരയും പട്ട് ചീരയും പച്ച ചീരയും മോഹിനിയും രേണുശ്രീയും കൃഷ്ണശ്രീയും ഒക്കെ നടാം. പല നിറങ്ങളിൽ മുളകുകൾ ഉണ്ടാകുന്ന ഇനം മുളക് ചെടികൾ,തക്കാളി, വഴുതന, അമരപ്പയർ,ചുവന്നതും വെള്ളയും പൂക്കൾ ഉണ്ടാകുന്ന അഗസ്തി ചീര, പച്ചയും ചുവന്നതുമായ തണ്ടുകൾ ഉള്ള വള്ളിചീര, ജൈവ വേലികൾ ആയി വേലിചീര, മായൻ ചീര, സൗഹൃദ ചീര എന്നിവ നടാം. നടപ്പാതയുടെ ഇരുവശവും ആയി റെഡ് ലേഡി, ലുണാർ, WS 46, Arka Soorya, Arka Prabhat, Dawn Delight എന്നീ വാണിജ്യ പ്രാധാന്യമുള്ള പപ്പായകൾ നടാം. ശീതകാലം വരുമ്പോൾ ചുവന്ന കാബേജും പച്ച ബ്രോക്കോളിയും ക്യാരറ്റും ബീറ്റ് റൂട്ടും കോറൽ ലെറ്റുസും ഒക്കെ നടാം.വള്ളിക്കുടിലുകളിലും കമാനങ്ങളിലും കോവൽ, പാവൽ, ചുരയ്ക്ക, പീച്ചിൽ, പാഷൻ ഫ്രൂട്ട്, നിത്യവഴുതന എന്നിവ നടാം. മണ്ണ് കവർ ചെയ്ത് കിടക്കേണ്ട ആവശ്യമുണ്ടെങ്കിൽ അവിടെ മധുരക്കിഴങ്ങ് നടാം. ഒപ്പം സൂര്യകാന്തി, ചെണ്ടുമല്ലി, എള്ള്, കടുക്, ചോളം, തുവര എന്നിവ നട്ട് പിടിപ്പിക്കാം.

WhatsApp20Image202022 12 0420at203.19.2720PM

അങ്ങനെ എത്ര എത്ര ആശയങ്ങൾ..

എന്താ വാര്യരേ, നമ്മുടെ ആൾക്കാർക്ക് ഇതൊന്നും തോന്നാത്തത്.

അത് പിന്നെ നമ്മുടെ പൗലോ കൊയ്‌ലോ ആശാൻ പറഞ്ഞിട്ടില്ലേ ‘ഒരാൾ എന്തെങ്കിലും നേടാൻ അദമ്യമായി ആഗ്രഹിക്കുകയാണെങ്കിൽ ഈ പ്രപഞ്ചം മുഴുവൻ അയാൾക്കൊപ്പം ഉണ്ടാകും ‘എന്ന്. അത് പോലെ ഒരാൾ നന്നാകാൻ പോകുന്നില്ല എന്ന് സ്വയം തീരുമാനിച്ചാൽ പിന്നെ പൊന്ന് തമ്പുരാന് പോലും അയാളെ രക്ഷിക്കാൻ കഴിയില്ല എന്നും വ്യംഗിക്കാം.

വിവേകികൾ ഈ സന്ദേശം ഉൾക്കൊണ്ടുകഴിഞ്ഞു. മറ്റുള്ളവർ വേണമെങ്കിൽ മാറ്റം ഉൾക്കൊള്ളട്ടെ.

കുതിരയെ തടകത്തിനടുത്ത് കൊണ്ടെത്തിക്കാൻ കുതിരക്കാരന് കഴിയും. പക്ഷെ വെള്ളം കുടിക്കണോ വേണ്ടയോ എന്നത് കുതിരയാണ് തീരുമാനിക്കേണ്ടത്.അതിനുള്ള പ്രചാരണമാണ് ‘ഞങ്ങളും കൃഷിയിലേക്ക് ‘എന്ന പരിപാടിയിലൂടെ കൃഷി വകുപ്പ് നൽകിയത്.

കുറ്റിപ്പുറത്ത് കേശവൻ നായർ കണ്ട കേരളീയ ഭവനങ്ങൾ Foodscaping ന്റെ ഉദാത്ത മാതൃകകൾ ആയിരുന്നു. അതുകൊണ്ടാണ് ‘ഗ്രാമകന്യക’ യിൽ അദ്ദേഹം ‘മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും നിറഞ്ഞ വീട് ‘എന്നെഴുതിയത്. കാലം മാറി, അഗലോനീമയും അഡീനിയവും ആന്തുറിയവും അരങ്ങും അകത്തളങ്ങളും വാഴുന്ന കാലത്ത് , കിംസും മിംസും മെഡിസിറ്റികളും ഒക്കെ സ്ഥാപിച്ചവർക്ക് അത് മുതലാകാണാമല്ലോ..

മികച്ച രീതിയിൽ ഒരു Food scaping മാതൃക, SAMETI യിൽ ഒരുക്കിയ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ സാറിനും ഡെപ്യൂട്ടി ഡയറക്ടർ ഷിബുകുമാർ സാറിനും നമോവാകം.

 അന്നദാതാ സുഖീ ഭവ :

Eat Local… Eat Fresh 

പ്രമോദ് മാധവൻ

പടം കടം :ഷിബുകുമാർ, ഡെപ്യൂട്ടി ഡയറക്ടർ, SAMETI

Leave a Reply

Your email address will not be published. Required fields are marked *