നറുമണം വിതറി പ്രതികരിക്കാം; അതിജീവനത്തിന്റെ മുല്ലപ്പൂക്കൾ പറയുന്ന കഥ!
എഴുതിയത്:
ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി രണ്ടത്താണി
നറുമണം വിതറി പ്രതികരിക്കാം
വീട്ടുപറമ്പിലെ മുല്ലകളൊന്നായി വിരിഞ്ഞു സുഗന്ധം പരത്തി, പൗരത്വനിഷേധങ്ങളെയും ദുരാരോപണങ്ങളെയും അതിജയിച്ചവരുടെ അതിജീവനത്തിന്റെ ആഘോഷമായിരുന്നു അത്.
വർഷങ്ങൾക്കു മുമ്പ് വീട്ടുവളപ്പിൽ മുല്ലകൾ ധാരാളമുണ്ടായിരുന്നു. അവ വിരിഞ്ഞു സുഗന്ധം പരത്തിയിരുന്നു. അതുകൊണ്ട് മാലകൾ കോർത്തിരുന്നു. പലരും പറിച്ചു കൊണ്ടുപോയിരുന്നു. വഴിയാത്രക്കാരെയും മുല്ലപ്പൂമണം ഹഠാതാകർഷിച്ചു.
പാമ്പുകഥകൾ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ ആരോ അവളോട് പാമ്പുകൾ മുല്ലപ്പൂ തേടിവരുന്ന കഥ പറഞ്ഞു കൊടുക്കുന്നതു മുതലാണ് ഗൂഢാലോചനകൾ ആരംഭിക്കുന്നത്. പാമ്പുപേടി പല രീതിയിൽ പറയപ്പെടാൻ തുടങ്ങി. പലപ്പോഴായി ആകസ്മികമായി കണ്ട പാമ്പുകളെ മുല്ലകളുടെ സാന്നിധ്യവുമായി വളരെ പെട്ടെന്ന് തന്നെ കണക്ട് ചെയ്യപ്പെട്ടു. പിന്നീട് പാമ്പ്കഥകൾ പല വർണ്ണങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
അവസാനം ഒരു തീരുമാനം വന്നു; കാഴ്ചയിൽ സുന്ദരം ആണെങ്കിലും, സുഗന്ധം പകരുന്നുണ്ടെങ്കിലും മുല്ലപ്പൂവ് നമുക്ക് ഭീഷണിയാണ്. അവയെ അറുത്തു മാറ്റണം! ഞാൻ വഴങ്ങാതിരുന്നപ്പോൾ അവൾ തന്നെ അത് ചെയ്തു. എല്ലാം ഭൂമുഖത്തിൽ നിന്ന് അപ്രത്യക്ഷമായി എന്ന സമാധാനത്തിലിരിക്കവേ, അടുത്ത സീസൺ ആയപ്പോൾ അതാ വരുന്നു വേരുകൾക്കുള്ളിൽ നിന്ന് മുല്ലകളുടെ പട!
വേരുകൾ പിഴുതെറിയണം! അടിവേരറുത്തു മാറ്റണം! എങ്കിൽ മാത്രമേ നമുക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കൂ. അവൾ പറയാൻ തുടങ്ങി. ഞാൻ കേൾക്കാത്ത ഭാവം നടിച്ചു.
പാവം മുല്ല എന്ത് തെറ്റ് ചെയ്തു?
നമുക്ക് സുഗന്ധം നൽകിയത് തെറ്റാണോ? നമുക്ക് ഹാരമുണ്ടാക്കാൻ പൂക്കൾ നൽകിയത് തെറ്റാണോ? സുന്ദരമായ കാഴ്ച ഒരുക്കിയത് ഒരു കുറ്റമാണോ?
ഒരിക്കൽ വീട്ടുവളപ്പിൽ ചില ജോലികൾക്കായി ഒരാൾ എത്തിയപ്പോൾ, വേരുകൾ അറുത്തുമാറ്റുന്ന പണി കൂടി അദ്ദേഹത്തെ തന്ത്രപരമായി ഏൽപ്പിച്ചു.
ഒരു നാട്ടിൽ നിന്ന് ഒരു സമൂഹത്തെ എങ്ങനെയാണ് പിഴുതുമാറ്റപ്പെടുന്നത് എന്നതിൻറെ നേർസാക്ഷ്യമായിരുന്നു അത്. ഞാൻ എതിർക്കാൻ പോയില്ല. പാമ്പ് കഥ അപ്പോഴേക്കും ഒരു പൊതുബോധമായി വളർന്നു കഴിഞ്ഞിരുന്നു. ഒരു കളവ് പല പ്രാവശ്യം പറയുമ്പോൾ അത് സത്യമായി തീരും. ആദ്യം എതിർത്തവരുടെയും പ്രതിഷേധങ്ങൾ നേർത്തുവരും. പലപ്പോഴും നമ്മുടെ മൗനങ്ങളാണ് ക്രൂരതകൾക്ക് സമ്മതങ്ങളാത്തീരുന്നത്. ഭീകരമായ ഈ മൗനങ്ങളാണ് ഒരു സമുദായത്തെ മുഴുവൻ ഉച്ചാടനം ചെയ്യാൻ ചട്ടുകം ആകുന്നത്. അങ്ങനെ ഞാനും അതിന്റെ പ്രതിയായി.
കാലങ്ങൾ കഴിഞ്ഞു; ഒരിക്കൽ ആ സ്ഥലത്ത് ഒരു ഹരിത വള്ളി തല പുറത്തേക്ക് നോക്കുന്നതുപോലെ തോന്നി. പിന്നെ നമ്മെ കൊഞ്ഞനം കുത്തിക്കൊണ്ട് ഒരുത്തനതാ പുഞ്ചിരിച്ചു നിൽക്കുന്നു. വേരറുത്തിട്ടും അതിജീവനത്തിന്റെ വഴികൾ തേടിയ ഏതോ ഒരുത്തൻ മണ്ണിനടിയിൽ വിമോചനവും കാത്തു കിടപ്പുണ്ടായിരുന്നു. ഈ വർഷമായപ്പോഴതാ അവർ കൂട്ടത്തോടെ വന്നിരിക്കുന്നു. കലഹവും കലാപവുമായല്ല വരവ്. നറുമണം വിതറുന്ന മുല്ലപൂമണവുമായി.
തങ്ങൾക്കെതിരെ ചതിപ്രയോഗം നടത്തിയവർക്കെതിരെ തൂമന്ദഹാസത്തിന്റെ മധുര പ്രതികാരവുമായി!
അദ്ദേഹത്തിന്റെ യഥാർത്ഥ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഫേസ്ബുക്കിൽ ഈ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാനും മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും താഴെ ക്ലിക്ക് ചെയ്യുക 👇
📘 Read on Facebookആഴമേറിയ അർത്ഥതലങ്ങളുള്ള ഈ കുറിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
📲 മികച്ച വിവരങ്ങളും വാർത്തകളും വേഗത്തിൽ ലഭിക്കാൻ
ഉപകാരപ്രദമായ ഇത്തരം വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
